ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ കരതൊട്ടു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ കരതൊട്ടു
alternatetext

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ കരതൊട്ടു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലെ ഖേപുപറയ്‌ക്കും ബംഗാളിലെ സാഗർദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്. കൊല്‍ക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളില്‍ ശക്തമായ മഴയും കാറ്റും വീശി.

തീരദേശത്തും താഴ്ന്ന പ്രദേശത്തുമുള്ള നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി പ്രദേശങ്ങളില്‍ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ദുരന്തനിവാരണ സേന എത്തി റോഡില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റി. കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ഇന്ന് രാവിലെയോടെ കാറ്റ് ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.

ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമായി നില്‍ക്കുകയാണ്. ത്രിപുരയില്‍ സംസ്ഥാന സര്‍ക്കാര്‍ നാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.