സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നം പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി. പൊതുഭരണ വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാരാണ് മറ്റ് അംഗങ്ങൾ.
രണ്ടാഴ്ച കൂടുമ്പോൾ കമ്മിറ്റി യോഗം ചേരും. ഓരോ വകുപ്പുമായി ബന്ധപ്പെട്ട ശുപാർശകൾ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെക്കൂടി പങ്കെടുപ്പിച്ച് പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തും. ഇതിനായി ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കും. ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾക്ക് മുൻഗണന നൽകും. കുറഞ്ഞ സമയത്തിൽ നടപ്പാക്കാവുന്ന ശുപാർശകൾ പരിശോധിച്ച് ഒരു മാസത്തിനുള്ള മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്