ക്രിമിനല്‍ കേസ് ഹര്‍ജികളില്‍ റിപ്പോര്‍ട്ട് നല്‍കാൻ പോലീസ് വൈകിയാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ഹൈക്കോടതി. മിക്ക കേസുകളിലും റിപ്പോര്‍ട്ട് തേടിയാല്‍ ലഭിക്കാത്ത അവസ്ഥയുണ്ട്. കോടതി നിര്‍ദേശപ്രകാരം പ്രോസിക്യൂട്ടര്‍മാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയാല്‍ ലഭിക്കാറില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍റെ മുന്നറിയിപ്പ്.
പ്രോസിക്യൂട്ടര്‍മാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കാൻ സംസ്ഥാന പോലീസ് മേധാവിക്കും സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കി. ചെഗുവേരയുടെ ഫ്ലക്സ് മാറ്റിവെക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം വട്ടക്കരിക്കകം സ്വദേശി അനില്‍കുമാറിനെ ആക്രമിച്ച കേസിലെ പ്രതികള്‍ കേസ് റദ്ദാക്കാൻ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
തിരുവനന്തപുരം ശ്രീകാര്യം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട് തേടിയെങ്കിലും ലഭിച്ചില്ല. ഒക്ടോബര്‍ 26നകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ശ്രീകാര്യം സ്റ്റേഷനിലെ സി.ഐ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.