കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട്ട് സി പി എം നടത്തിയ സെമിനാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എം പി. ചന്ദ്രയാൻ വിക്ഷേപണത്തിന്റെ പിറ്റേന്ന് സി പി എം വിട്ട വാണം ചീറ്റീപ്പോയെന്നും അതിന് കോണ്‍ഗ്രസുകാരെ പഴിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. വോട്ടുബാങ്ക് ലക്ഷ്യമിട്ടുചെയ്ത ഏര്‍പ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും എടുത്തുചാടി ഷൈൻ ചെയ്യരുതെന്ന് കോണ്‍ഗ്രസ് ആദ്യമേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിന്റെ പിറ്റേന്ന് സി പി എം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോണ്‍ഗ്രസുകാരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ബില്ലുകാണാതെ പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് ഇന്നലെ സി പി ഐയുടെ ദേശീയ കൗണ്‍സില്‍ യോഗം പറഞ്ഞത്. ആരും അതിന്റെപേരില്‍ ഓവര്‍ സ്മാര്‍ട്ടാവാൻ നോക്കരുതെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് കോണ്‍ഗ്രസും പറഞ്ഞത്.നിയമത്തെ എതിര്‍ക്കാൻ മറ്റുള്ളവരുമായി സഹകരിച്ച് ഔദ്യോഗികമായി തീരുമാനം എടുക്കും. ഇരുപത്തിനാല് കക്ഷികളുടെ യോഗം ബംഗളൂരുവില്‍ ചേരുന്നുണ്ട്. അതിന്റെ അജണ്ടയില്‍ വച്ച കാര്യമാണ് ഇപ്പോള്‍ എടുത്തുചാടി കണ്‍വെൻഷൻ നടത്തിയത്. എല്‍ ഡി എഫിലെ പലരും പങ്കെടുത്തില്ല. ഇടതുപക്ഷത്തിലെ പല ഘടകകക്ഷികളും എല്‍.ഡി.എഫ്. കണ്‍വീനര്‍ ഉള്‍പ്പെടെ വിട്ടുനിന്നു’-മുരളീധരൻ വ്യക്തമാക്കി.
ഇന്നലെ നടന്ന സി.പി.എം സെമിനാറില്‍ നിന്ന് മുസ്ലിംലീഗ് വിട്ടുനിന്നെങ്കിലും ഇ.കെ.വിഭാഗം സുന്നികളടക്കം മുസ്ലിം മത-സാമുദായിക സംഘടനകളിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു.താമരശ്ശേരി രൂപതയിലെ ഫാ.ജോസഫ് കളരിക്കല്‍ ,കോഴിക്കോട് രൂപതയിലെ ഫാ.ജൻസണ്‍ മോണ്‍സിലോര്‍ പുത്തൻവീട്ടില്‍, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി എന്നിവര്‍ ചടങ്ങില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സംഘാടകസമിതി ചെയര്‍മാൻ കെ.പി.രാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു. മുക്കം ഉമ്മര്‍ ഫൈസി (സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ,ഹജ്ജ് കമ്മറ്റി അംഗം), സി.മുഹമ്മദ് ഫൈസി (കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്,ചെയര്‍മാൻ ഹജ്ജ്കമ്മറ്റി), ടി.പി.അബ്ദുള്ളക്കോയ മദനി (പ്രസിഡന്റ്, കെ.എൻ.എം), സി.പി.ഉമ്മര്‍ സുല്ലമി (ജനറല്‍ സെക്രട്ടറി, മര്‍ക്കസ്ദുവ), ഡോ.ഫസല്‍ ഗഫൂര്‍(പ്രസിഡന്റ്, എം.ഇ.എസ്) എന്നിവരടക്കം ഒട്ടേറെ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.