അടൂര്‍: മണ്ണു കടത്തുകാര്‍ക്കു വേണ്ടി സി.പി.എം. നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫീസര്‍ ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കള്‍. കടമ്ബനാട് വില്ലേജ് ഓഫീസര്‍ പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ കുഞ്ഞുകുഞ്ഞിന്റെ മകന്‍ കെ. മനോജ് (46) തിങ്കളാഴ്‌ച ജീവനൊടുക്കിയിരുന്നു. അന്നു രാവിലെ വന്ന ഫോണ്‍ കോളാണ് മനോജ് ജീവനൊടുക്കാനുണ്ടായ പെട്ടെന്നുള്ള കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കടമ്ബനാട് വില്ലേജ് ഓഫീസില്‍ എപ്പോഴും രാഷ്‌ട്രീയ സമ്മര്‍ദം ശക്‌തമാണ്. സി.പി.എമ്മിന്റെ ഒരു നേതാവില്‍ നിന്ന് കടുത്ത സമ്മര്‍ദമാണ് ഇവിടെ വന്നിട്ടുള്ള വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഉണ്ടായിട്ടുള്ളത്. പലപ്പോഴും നേരിട്ട് തന്നെ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തും. സമ്മര്‍ദം അതിജീവിക്കാന്‍ കഴിയാത്ത ഉദ്യോഗസ്‌ഥര്‍ അവധി എടുക്കുകയോ സ്‌ഥലം മാറ്റം വാങ്ങി പോവുകയോ ചെയ്യും. കുണ്ടറ സ്വദേശിയായ മുന്‍ വില്ലേജ് ഓഫീസര്‍ കടമ്ബനാട്ട് നിന്ന് സ്‌ഥലം മാറ്റി വാങ്ങി പോവുകയായിരുന്നുവെന്നും മനോജിന്റെ ബന്ധു ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. മനോജിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബന്ധുക്കള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്
മനോജിന്റെ ഔദ്യോഗിക ഫോണ്‍ ചില ഉദ്യോഗസ്‌ഥര്‍ എടുത്തു കൊണ്ടുപോയെന്ന് സഹോദരി ഭര്‍ത്താവ് ശിവന്‍കുട്ടി പറഞ്ഞു. മനോജിന് ജോലിയില്‍ സമ്മര്‍ദം ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ മധുവും പറഞ്ഞു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കളില്‍നിന്ന് സമ്മര്‍ദം ഉണ്ടായിരുന്നു. അഞ്ചു സെന്റ് വസ്‌തുവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നത്തില്‍ മനോജിന് ഭീഷണി ഉണ്ടായിരുന്നുവെന്നും പറയുന്നു.
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 11നു രാവിലെ പത്തിനു വീട്ടിലെ കിടപ്പുമുറിയിലാണ് മനോജിനെ തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടത്. ശൂരനാട് എല്‍.പി. സ്‌കൂളിലെ അധ്യാപികയായ ഭാര്യ സുധീന ജോലിക്ക് പോയതിന് ശേഷമാണ് മനോജ് ജീവനൊടുക്കിയത്. തന്റെ മുന്നില്‍ വന്ന അപേക്ഷകള്‍ മുഴുവന്‍ രാവിലെതന്നെ ഓണ്‍ലൈനായി മനോജ് തീര്‍പ്പാക്കിയിരുന്നു.
കോണ്‍ഗ്രസും ബി.ജെ.പിയുടെ സര്‍വീസ് സംഘടനയായ എന്‍.ജി.ഒ. സംഘും പ്രതിഷേധവുമായി രംഗത്തുണ്ട്.