സി.പി.എം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

സി.പി.എം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
alternatetext

തിരുവനന്തപുരം : പൊതുസിവില്‍ നിയമത്തിന്റെ പേരില്‍ സി.പി.എം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാര്‍ട്ടി സമ്മേളനം പോലെ മാറിയ സെമിനാര്‍ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സംവാദം നടത്തുമെന്ന പറഞ്ഞ സി.പി.എം മുസ് ലീം സ്ത്രീകള്‍ക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല. പൊതുസിവില്‍ക്കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സി.പി.എം നടത്തിയത്. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങള്‍ ഭക്ഷണത്തിന് ആര്‍ത്തി കാണിക്കും പോലെയാണ് സി.പി.എം നാല് വോട്ടിന് വേണ്ടിന് പരക്കം പായുന്നത്. സ്ത്രീ സമത്വവും തുല്യതയും പറഞ്ഞിരുന്ന സി.പി.എം അത് ഉപേക്ഷിച്ചു. വോട്ടിന് വേണ്ടി നിലപാടില്‍ വെള്ളം ചേര്‍ത്ത സി.പി.എമ്മിന് മുസ് ലീം വോട്ടുംകിട്ടില്ല കൈയിലുള്ള ഹിന്ദു വോട്ടും കിട്ടില്ല. കാപട്യത്തിന്റെ അപ്പോസ്തലനായി യെച്ചൂരി മാറിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ശക്തമായ ഇടപെടല്‍ കാരണമാണ് കേന്ദ്ര പ്രതിനിധി സംഘം മുതലപ്പൊഴിയിലെത്തുന്നത്.

സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ മലക്കം മറിഞ്ഞത് സംസ്ഥാന സര്‍ക്കാരാണ്. 50 കോടി ചിലവഴിച്ച്‌ ഡി.പി.ആര്‍ ഉണ്ടാക്കിയതിന് സി.പി.എമ്മും സര്‍ക്കാരും ജനങ്ങളോട് മാപ്പ് പറയണം. കേരളത്തില്‍ വേഗതയേറിയ ട്രെയിൻ വേണമെന്നതാണ് ബി.ജെ.പി നിലപാട്. ഇ.ശ്രീധരന്റെ ബദല്‍ നിര്‍ദേശം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.