പാലക്കാട്: കോവിഡ്കാലത്തു കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം (9938 ടണ്‍) ബയോമെഡിക്കല്‍ മാലിന്യം. 2020 മാര്‍ച്ച് മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. സംസ്ഥാനത്തെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ നിന്ന് പാലക്കാട് മലമ്ബുഴയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇമേജി’ന്റെ സംസ്കരണ കേന്ദ്രത്തിലെത്തിച്ചാണ് 99,38,945 കിലോഗ്രാം ബയോമെഡിക്കല്‍ മാലിന്യം സംസ്കരിച്ചത്.
ആദ്യ കോവിഡ് കേസ് 2020 ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും മാര്‍ച്ച് 19നാണ് കോവിഡ് കേന്ദ്രങ്ങളില്‍നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യം പ്രത്യേകം ശേഖരിക്കാൻ ഇമേജിനു നിര്‍ദേശം ലഭിച്ചത്. 35 കോവിഡ് സെന്ററുകളാണ് അന്നുണ്ടായിരുന്നത്. എന്നാല്‍, 2021 ഓഗസ്റ്റ് ആയപ്പോഴേക്കും ഇത് 1800 കടന്നു. മാലിന്യത്തിന്റെ അളവു കൂടിയതോടെ സംസ്കരണത്തിനുള്ള 5 ഇൻസിനറേറ്ററുകളില്‍ മൂന്നെണ്ണത്തിന്റെ ശേഷി വര്‍ധിപ്പിച്ചിരുന്നു. ഒരെണ്ണം പുതുതായി സ്ഥാപിക്കുകയും ചെയ്തു.