പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി;ശിക്ഷാവിധി ജനുവരി 3ന്

പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി;ശിക്ഷാവിധി ജനുവരി 3ന്
alternatetext

കൊച്ചി:  പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും കുറ്റക്കാരനെന്ന് കോടതി. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണു കേസിൽ വിധി വന്നത്.

2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത‌്‌ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം മുൻ എംഎൽഎ അടക്കം 24 പേർ പ്രതിപ്പട്ടികയിലുണ്ട്.ഒന്നാം പ്രതി സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരനാണ്. ഉദുമ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്‌ണൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരും പ്രതികളാണ്.

എ.പീതാംബരനുൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ സിബിഐ ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 11 പേരും സിബിഐ അറസ്റ്റ് ചെയ്ത 5 പേരും ഇപ്പോഴും ജയിലിലാണ്.എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ആറു വർഷത്തോളം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിലാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധി പ്രസ്താവിക്കുന്നത്.

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത‌്‌ ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്‌ ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2021 ഡിസംബർ 3നാണ് സിബിഐ എറണാകുളം സിജെഎം കോടതിയിൽ കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നത്. 2023 ഫെബ്രുവരി 2ന് കേസിന്റെ വിചാരണ നടപടികൾ കൊച്ചി സിബിഐ കോടതിയിൽ ആരംഭിച്ചു. 292 സാക്ഷികളുള്ള കേസിൽ 154 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ആഴ്ചയിൽ 4 ദിവസവും പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണയ്ക്കു മാത്രമായി കോടതി മാറ്റിവച്ചതുകൊണ്ടാണ് കേസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചത്.

വിചാരണ നടപടികൾ പൂർത്തിയാക്കിയ ജഡ്ജി കെ.കമനീസ് സ്ഥലം മാറിയതിനാൽ പുതുതായി എത്തിയ ജ‍ഡ്ജി ശേഷാദ്രിനാഥനാണ് വിധി പറയുക. കേസിൽ സിബിഐ പ്രോസിക്യൂട്ടർ ബോബി ജോസഫ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായ കെ.പത്മനാഭൻ എന്നിവർ വാദി ഭാഗത്തിനു വേണ്ടിയും കെപിസിസി മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ സിപിഎം സഹയാത്രികനുമായ സി.കെ.ശ്രീധരൻ, നിക്കോളാസ് ജോസഫ്, സോജൻ മൈക്കിൾ, അഭിഷേക് എന്നിവർ പ്രതിഭാഗത്തിനു വേണ്ടിയും ഹാജരായി.10 പ്രതികളെ കുറ്റവിമുക്തരാക്കി.ശിക്ഷാവിധി ജനുവരി 3 ലേക്ക് മാറ്റി