അനധികൃത ഫ്ളക്സ് ബോർഡുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് വീണ്ടും സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. നീക്കം ചെയ്‌തത് എത്ര ബോർഡുകളാണെന്നതിൻ്റെ കണക്കുകള്‍ ഹാജരാക്കാൻ കൂടുതല്‍ സമയം തേടിയതില്‍ കടുത്ത അതൃപ്തിയാണ് സിംഗിള്‍ ബെഞ്ച് രേഖപ്പെടുത്തിയത്.
രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകള്‍ നീക്കം ചെയ്തതിൻ്റെ കണക്കുകള്‍ പ്രത്യേകം വേണമെന്നും, എത്ര രൂപയാണ് പിഴ ഈടാക്കിയതെന്ന് അറിയിക്കണമെന്നുമാണ് ഹൈക്കോടതി ഇന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. കോടതിയുടെ നിരീക്ഷണം രാഷ്ജ്‌ട്രീയക്കാരുടെ മുഖം ബോർഡുകളിലില്ലാതായാല്‍ നിരത്തുകള്‍ മലീമസമാക്കുന്ന നടപടിയില്‍ മാറ്റം വരുമെന്നാണ്. ഇത്തരത്തില്‍ സർക്കാരിൻ്റെ ബോർഡുകള്‍ അനധികൃതമായി സ്ഥാപിക്കില്ലെന്ന് ഉത്തരവിറക്കാൻ കഴിയുമോയെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ചോദ്യം.
അതോടൊപ്പം, ഫ്ളക്സ് ബോർഡുകള്‍ നീക്കം ചെയ്യാൻ ധൈര്യം വേണമെന്നും കോടതി പരിഹസിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച്ചയിലേക്ക് പരിഗണിക്കാനായി മാറ്റി.