ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39ഹെക്ടർ സ്ഥലം സംരക്ഷിത വനമേഖലയാക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പൊതുജന പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ചു. ചിന്നക്കനാൽ മേഖലയിലെ പ്രധാന പ്രദേശങ്ങളായ പാപ്പാത്തിച്ചോല, സൂര്യനെല്ലി, ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് റിസർവ് വനമായി പ്രഖ്യാപിച്ചിരുന്നത്.
വിജ്ഞാപനം ഇറങ്ങിയിട്ട് മൂന്നു മാസത്തോളം ആയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് ജനങ്ങളിലേക്ക് എത്തിയത്. തുടർന്നാണ് പ്രതിപക്ഷ പാർട്ടികളും, മറ്റ് സംഘടനകളും ഉൾപ്പെടെ പൊതുജനങ്ങൾ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം കനത്തതോടെ വനംവകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും വിജ്ഞാപനം മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. എന്നിരുന്നാലും ഈ താല്ക്കാലിക ആശ്വാസത്തിൽ തങ്ങൾ തൃപ്തരല്ല എന്നാണ് ചിന്നക്കനാൽ നിവാസികൾ പറയുന്നത്