ചെങ്ങന്നൂര്‍: ചായക്കടക്കാരന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. വെണ്മണി പുന്തല റിയാസ് ഭവനില്‍ മജീദ് റാവുത്തര്‍ (67) ആണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന മജീദ് വീട്ടില്‍വച്ചാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പരുമല കോട്ടയ്ക്കമാലി വാലുപറമ്ബില്‍ മാര്ട്ടിന് (48) ജയില്‍വാസമനുഭവിക്കുകയാണ്.
ഡിസംബര്‍ 21-നാണ് കേസിനാസ്പദമായ സംഭവം. പരുമല ആശുപത്രിക്കു മുന്പില് ചായക്കട നടത്തുന്ന ആളായിരുന്നു മാര്ട്ടിന്. റാവുത്തര്‍ ഇയാളുടെ കടയില്‍ ചായ കുടിക്കാതെ സമീപത്തുള്ള കടയില്‍ പോകുന്നതിന്റെ വൈരാഗ്യത്തിലാണ് വാക്കേറ്റമുണ്ടാവുകയും മര്‍ദിക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മജീദ് റാവുത്തര്‍ ചൊവാഴ്ച രാത്രിയോടെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജമീല. മക്കള്‍: റിയാസ്, റിയാദ്. മരുമകള്‍: മുംതാസ്.