ന്യൂഡല്‍ഹി: ചന്ദ്രയാന്റെ വിജയത്തെത്തുടര്‍ന്നുണ്ടായ സാഹചര്യം യുവാക്കളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തണമെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഓടെ വികസിത ഇന്ത്യ രൂപപ്പെടുത്തുകയെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ യുവാക്കളെ ശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാന്‍ മൂന്നിന്റെ വിജയവും ഒപ്പം വിദേശപര്യടനത്തിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ മടക്കവും ആഘോഷിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ബ്രിക്‌സ് ഉച്ചകോടിക്കിടയിലും ഗ്രീസിലെ സന്ദര്‍ശനത്തിനിടയിലും ചന്ദ്രയാന്‍ വിജയത്തില്‍ അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടുള്ള ഒട്ടേറെ സന്ദേശങ്ങള്‍ തനിക്കു ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി ജെപി നഡ്ഢയുടെ നേതൃത്വത്തിലാണ് മോദിക്കു സ്വീകരണം ഒരുക്കിയത്. പാര്‍ലമെന്റ് അംഗങ്ങളും ഒട്ടേറെ പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തു. രാജ്യത്തിന്റെ അഭിമാനമായി മാറിയ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞന്‍മാരേയും ഐഎസ്‌ആര്‍ഒ ജീവനക്കാരേയും രാവിലെ ബംഗളൂരു ഐഎസ്‌ആര്‍ഒ കേന്ദ്രത്തില്‍ എത്തിയ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനു ശേഷം നേരെ ബംഗളൂരുവിലെത്തിയ അദ്ദേഹം പീനിയയിലെ ഇസ്‌റോയുടെ ടെലി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്ക് സെന്ററില്‍ ഒരുക്കിയ ചന്ദ്രയാന്‍ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സിലെത്തി ശാസ്ത്രജ്ഞരെ നേരില്‍ കണ്ട് അഭിനന്ദിച്ചു. ഐഎസ്‌ആര്‍ഒ സംഘം രാജ്യത്തെ ഉയരങ്ങളിലെത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. വലി സന്തോഷത്തിന്റെ നിമിഷങ്ങളാണിതെന്നു അദ്ദേഹം പറഞ്ഞു.
ശാസ്ത്രജ്ഞരെ താന്‍ സല്യൂട്ട് ചെയ്യുന്നു. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നു നമ്മുടെ ശാസ്ത്ര സംഘത്തിനു ഉറപ്പായിരുന്നു. ഇന്ന് ഓരോ വീട്ടിലും ത്രിവര്‍ണ പതാക പാറുന്നു. ചന്ദ്രനിലും നമ്മുടെ പതാകയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത സ്ഥലത്തിന് ‘ശിവശക്തി പോയിന്റ്’ എന്നു പ്രധാനമന്ത്രി പേരിട്ടു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാ വനിതകളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശദിനമായി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.