കാശുണ്ടോ എങ്കിൽ ആംബുലൻസ് റെഡി.. ഇല്ലെങ്കിൽ രോഗി മരിച്ചാലും കുഴപ്പമില്ല; ആംബുലൻസ് ഡ്രൈവറുടെ പിടിവാശിയിൽ രോഗി മരിച്ചു.

കാശുണ്ടോ എങ്കിൽ ആംബുലൻസ് റെഡി.. ഇല്ലെങ്കിൽ രോഗി മരിച്ചാലും കുഴപ്പമില്ല; ആംബുലൻസ് ഡ്രൈവറുടെ പിടിവാശിയിൽ രോഗി മരിച്ചു.
alternatetext

കൊച്ചി: ഈ കൊച്ചു കേരളത്തിലാണ് 200 രൂപയ്ക്ക് വേണ്ടിയിട്ടുള്ള ആംബുലൻസ് ഡ്രൈവറുടെ ക്രൂരമായ പിടിവാശിയിൽ ഒരു രോഗിയുടെ ജീവൻ നഷ്ടപ്പെട്ടത്. വടക്കൻ പറവൂർ സ്വദേശിനി അസ്മയാണ് പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ പിടിവാശിയെ തുടർന്ന് യഥാസമയം ചികിത്സ കിട്ടാതെ രോഗം മൂർച്ഛിച്ചു മരണത്തിന് കീഴടങ്ങിയത്.

കടുത്ത പനി ബാധിച്ച അസ്മ ചൊവ്വാഴ്ച രാവിലെയാണ് പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ടി എത്തിയത്. രോഗിയുടെ ആരോഗ്യനില മോശമായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുവാനുള്ള നിർദ്ദേശത്തെ തുടർന്ന് ആശുപത്രി കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ആംബുലൻസിൽ രോഗിയെ കയറ്റുകയായിരുന്നു. എന്നാൽ ഈ സമയം ആംബുലൻസിന്റെ ഡ്രൈവർ 900 രൂപ കൂലി ആകുമെന്നും അത് മുൻകൂർ തരണമെന്നും ആവശ്യപ്പെടുകയായിരുന്നു.

രോഗിയുടെ ബന്ധുക്കൾ കൈവശമുണ്ടായിരുന്ന 700 രൂപ ഏൽപ്പിക്കുകയും ബാക്കി 200 രൂപ ഉടനെ തന്നെ തരാം എന്ന് പറഞ്ഞെങ്കിലും ഡ്രൈവർ കാശ് കിട്ടാതെ വണ്ടി എടുക്കില്ലെന്ന് നിലപാടിൽ ഉറച്ചുനിന്നു. അരമണിക്കൂറിന് ശേഷം രോഗിയുടെ ബന്ധുക്കൾ പണം സംഘടിപ്പിച്ച് നൽകിയതിനെ തുടർന്നാണ് ഡ്രൈവർ രോഗിയുമായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ രോഗി അൽപസമയത്തിനകം മരിക്കുകയായിരുന്നു. തുടർന്ന് രോഗിയുടെ ബന്ധുക്കൾ ആംബുലൻസ് ഡ്രൈവർക്കെതിരെ പരാതിയുമായി രംഗത്തെത്തി.