കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
alternatetext

കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും. കൊല്ലം ഫാത്തിമ മാത കോളേജ് മുൻ പ്രിൻസിപ്പല്‍ ഡോ.ജി. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ (4), നെയ്‌തൻ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മരണകാരണത്തെ കുറിച്ച്‌ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. വിഷവാതകം ശ്വസിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. എ.സിയില്‍ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററില്‍ നിന്നോ ഉള്ള വിഷവാതകം ശ്വസിച്ചതാണോ മരണകാരണമെന്ന് സംശയം ഉയർന്നിട്ടുണ്ട്.

ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്‌റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ആറേഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ഇരട്ടക്കുട്ടികളുടെ ജനനവും അവിടെ
തന്നെയായിരുന്നു.

ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് തിരികെ വന്നത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയശേഷം വാട്സാപ് മെസേജ് ഇരുവർക്കും അയച്ചു.

മറുപടിയില്ലാത്തതിനാല്‍ ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയില്‍ നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്