ബുള്ളറ്റില്‍ സഞ്ചരിച്ച്‌ കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റിൽ

ബുള്ളറ്റില്‍ സഞ്ചരിച്ച്‌ കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റിൽ
alternatetext

കണ്ണൂര്‍: ബുള്ളറ്റില്‍ സഞ്ചരിച്ച്‌ കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റിലായി. കണ്ണൂര്‍ മുല്ലക്കോട് സ്വദേശിനിയായ നിഖില(29) എന്ന യുവതിയാണ് 1.6 കിലോ കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. തളിപ്പറമ്ബ് എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡിലാണ് നിഖില അറസ്റ്റിലായത്.

ബുള്ളറ്റില്‍ നിരവധി യാത്രകള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് നിഖില. നാട്ടില്‍ ബുള്ളറ്റ് ലേഡി എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇവര്‍ യാത്രകള്‍ നടത്തുന്നതിനിടെ കഞ്ചാവ് വില്‍പന നടത്തുന്നുവെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി ഇവരെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനൊടുവില്‍ വീട് വളഞ്ഞാണ് എക്സൈസുകാര്‍ നിഖിലയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന 1.6 കിലോ കഞ്ചാവ് കണ്ടെത്തിയത്.

പയ്യന്നൂരില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തുവരികയായിരുന്നു നിഖില. കഞ്ചാവ് ആവശ്യക്കാര്‍ക്ക് ചെറു പാക്കറ്റുകളിലാക്കി വില്‍ക്കുകയായിരുന്നു നിഖില ചെയ്തിരുന്നത്. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് നിഖില നിരവധി പേരുമായി ബന്ധപ്പെട്ടിരുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഫോണില്‍നിന്ന് ഇവരുടെ സംഘാംഗങ്ങളെക്കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.