കൊച്ചി: ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ രണ്ടര മാസത്തോളം ജയിലിൽ കിടത്തിയ തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസ് ഹണി ട്രാപ്പും, വഞ്ചന കേസും , വാഹന മോഷണവും അടക്കം നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്. നിലവിൽ ഒളിവിൽ കഴിയുന്ന നാരായണദാസ് ഫിറ്റ്നസ് പരിശീലകൻ, വ്യവസായി എന്നിങ്ങനെ പല വേഷങ്ങളിലും അറിയപ്പെടുന്നു. തൃശൂർ, എറണാകുളം ജില്ലകളിലായി നിരവധി കേസുകളാണ് പ്രതിയുടെ പേരിലുള്ളത്.
തൃപ്പൂണിത്തുറയിൽ കോടികൾ വിലവരുന്ന ആഡംബരവീടും, സ്ഥലവുമുള്ള നാരായണദാസിന് പ്രത്യേകിച്ച് ഒരു ജോലിയും ഇല്ല. നിരവധി കേസുകളിൽ പ്രതിയാണ് എങ്കിലും ഇതുവരെയായി ഒന്നര വർഷത്തോളം മാത്രം ജയിലിൽ കിടന്നിട്ടുള്ള നാരായണദാസ് വ്യാജലഹരിമരുന്ന് കേസിൽ എക്സൈസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഇതുവരെയും ഹാജരായിട്ടില്ല.