ബി.എസ്.സി കെമിസ്ട്രിക്ക് തുല്യമല്ല ബി.എസ്.സി പോളിമർ കെമിസ്ട്രി എന്ന പി.എസ്.സിയുടെ വാദം ശരിവച്ച്‌ സുപ്രീം കോടതി

ബി.എസ്.സി കെമിസ്ട്രിക്ക് തുല്യമല്ല ബി.എസ്.സി പോളിമർ കെമിസ്ട്രി എന്ന പി.എസ്.സിയുടെ വാദം ശരിവച്ച്‌ സുപ്രീം കോടതി
alternatetext

ബി.എസ്.സി കെമിസ്ട്രിക്ക് തുല്യമല്ല ബി.എസ്.സി പോളിമർ കെമിസ്ട്രി എന്ന പി.എസ്.സിയുടെ വാദം ശരിവച്ച്‌ സുപ്രീം കോടതി. ഉന്നത പഠനത്തിനും, ജോലിക്കും ബി.എസ്.സി പോളിമർ കെമിസ്ട്രി പാസ്സായ വിദ്യാർഥിക്ക് ബി.എസ്.സി കെമിസ്ട്രിയുടെ തുല്യത സർട്ടിഫിക്കറ്റ് നല്‍കിയ കാലിക്കറ്റ് സർവ്വകലാശാല നടപടി സാധുവല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

തുല്യത സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരും റിക്രൂട്ട്മെന്റ് അതോറിറ്റിയുമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവം നടത്തിയത്.

2008 ല്‍ പി.എസ്.സി ഹൈസ്കൂള്‍ അസിസ്റ്റന്റ് ഫിസിക്കല്‍ സയൻസ് തസ്തികയിലേക്ക് ക്ഷണിച്ച വിജ്ഞാപനത്തില്‍ യോഗ്യതയായി പറഞ്ഞിരുന്നത് ബി.എസ്.സി കെമിസ്ട്രിയും ബി.എഡ് ഫിസിക്കല്‍ സയൻസുമായിരുന്നു. എഴുത്ത് പരീക്ഷയില്‍ ബി.എസ്.സി പോളിമർ കെമിസ്ട്രിയും ബി.എഡ് ഫിസിക്കല്‍ സയൻസും ബിരുദം ഉണ്ടായിരുന്ന ഒരു ഉദ്യോഗാർഥി വിജയിച്ചിരുന്നു. എന്നാല്‍ ഈ ഉദ്യോഗാർഥിയുടെ പേര് അന്തിമ മെറിറ്റ് ലിസ്റ്റില്‍ പി.എസ്.സി ഉള്‍പെടുത്തിയില്ല. ഉന്നത പഠനത്തിനും ജോലിക്കും ബി.എസ്.സി പോളിമർ കെമിസ്ട്രി പാസ്സായ വിദ്യാർഥികള്‍ക്ക് ബി.എസ്.സി കെമിസ്ട്രി യുടെ തുല്യത സർട്ടിഫിക്കറ്റ് കാലിക്കറ്റ് സർവ്വകലാശാല നല്‍കിയിട്ടുണ്ട് എന്നായിരുന്നു ഉദ്യോഗാർഥിയുടെ വാദം.

എന്നാല്‍ രണ്ട് കോഴ്സുകളും തുല്യമല്ല എന്ന നിലപാടാണ് പി.എസ്.സി സ്വീകരിച്ചത്. കോഴ്സുകളുടെ തുല്യത സംബന്ധിച്ച വിഷയം കോടതികളല്ല തീരുമാനിക്കേണ്ടതെന്നും പി.എസ്.സി വാദിച്ചു. ഈ വാദം സുപ്രീം കോടതി അംഗീകരിച്ചു. പി.എസ്.സി ക്ക് വേണ്ടി അഭിഭാഷകൻ വിപിൻ നായരും സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കൗണ്‍സല്‍ സി കെ ശശിയും ഹാജരായി. ഉദ്യോഗാർഥിക്ക് വേണ്ടി അഭിഭാഷകൻ പി.എ നൂർ മുഹമ്മദ് ഹാജരായി