ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി
alternatetext

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര നേതൃത്വം പുറത്തിറക്കിയ അഞ്ചാം ഘട്ട പട്ടികയില്‍ കേരത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചത്. ബിജെപി യോഗത്തിലാണ് തീരുമാനം. വയനാട്ടില്‍ കെ സുരേന്ദ്രന്‍, എറണാകുളത്ത് കെഎസ് രാധാകൃഷ്ണന്‍, ആലത്തൂരില്‍ ടിഎന്‍ സരസു, കൊല്ലത്ത് ജി കൃഷ്ണ കുമാര്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ആനി രാജയാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. സുരേന്ദ്രന്റെ വരവോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനും കളമൊരുങ്ങി.

അഞ്ചാം ഘട്ട പട്ടികയില്‍ മേനക ഗാന്ധിക്ക് സീറ്റ് നല്‍കിയപ്പോള്‍ പിലിഭിത്ത് സിറ്റിങ് എംപി വരുണ്‍ ഗാന്ധി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. വരുണിന്‍റെ മണ്ഡലത്തില്‍ ജിതിന്‍ പ്രസാദയാണ് സ്ഥാനാര്‍ഥി. മേനക ഗാന്ധി സുല്‍ത്താന്‍പുരില്‍ നിന്നു ജനവിധി തേടും. കങ്കണ രണാവത്താണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അപ്രതീക്ഷിത സാന്നിധ്യം. ഹിമാചലിലെ മാണ്ടിയില്‍ നിന്നുമാണ് കങ്കണ മത്സരിക്കുക. പിലിഭത്തില്‍ നിന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ പട്ടികയില്‍ ഇടംനേടി.നവീന്‍ ജിന്‍ഡാല്‍ ഹരിയാനയിലെ കുരുക്ഷേത്രയില്‍ മത്സരിക്കും.

അടുത്തിടെ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്ന അഭിജീത്ത് ഗംഗോപാധ്യായ് താംലുക്കില്‍ നിന്നും മത്സരിക്കും. ടിഎംസിയില്‍ നിന്നും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അര്‍ജ്ജുന്‍ സിങ്ങ് ബരക്പൂരില്‍ നിന്നും തപസ് റോയി കൊല്‍ക്കത്ത നോര്‍ത്തില്‍ നിന്നും മത്സരിക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നും മത്സരിക്കും.