ബിസ്കറ്റ് പാക്കറ്റില്‍ കൊറിയര്‍ വഴി കഞ്ചാവ് കടത്ത്; 22കാരന്‍ പിടിയില്‍

ബിസ്കറ്റ് പാക്കറ്റില്‍ കൊറിയര്‍ വഴി കഞ്ചാവ് കടത്ത്; 22കാരന്‍ പിടിയില്‍
alternatetext

തൃശൂര്‍: ബംഗളൂരുവില്‍ നിന്നു കൊറിയര്‍ വഴി തൃശൂരിലേക്ക് കഞ്ചാവ് അയച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖാണ് പിടിയിലായത്. ഡാര്‍ക് ഫാന്റസി ബിസ്കറ്റിന്റെ പാക്കിലാണ് കഞ്ചാവ് എത്തിച്ചത്.

ഇതു വാങ്ങാൻ കൊറിയര്‍ ഏജൻസിയില്‍ എത്തിയപ്പോഴാണ് 22കാരൻ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. ബംഗളൂരുവില്‍ നിന്നു ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കന്നംകുളത്തേക്ക് കൊറിയര്‍ അയച്ചത്.

സ്വകാര്യ കൊറിയര്‍ ഏജൻസി വഴി ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്ബനിയുടെ പേരിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കൊറിയര്‍ ഏജൻസിയില്‍ കഞ്ചാവ് വാങ്ങാൻ ഇയാള്‍ എത്തുമെന്നു മനസിലാക്കിയാണ് ഇവിടെ എത്തി അറസ്റ്റ് ചെയ്തത്. പാക്കറ്റില്‍ 100 ഗ്രാം കഞ്ചാവായിരുന്നു.

കഞ്ചാവ് വില്‍പ്പനയുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നു വൈശാഖ് കുറച്ചു നാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വ്യക്തമാക്കി.