നവകേരള സദസ്സിനെതിരെ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ മാവേലിക്കര ഭരണിക്കാവ് തെക്കേ മങ്കുഴി പാപ്പാടിയില്‍ അനൂപ് വിശ്വനാഥൻ(30) ആണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ ദിവസം കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിനാണു മര്‍ദനമേറ്റത്. ഡിസംബര്‍ 16 -നാണ് സംഭവം. നവകേരള സദസ്സിന്റെ ബസ് കായംകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപത്തെ കോണ്‍ഗ്രസ് ഭവനുമുന്നില്‍ എത്തിയ സമയത്ത് അജിമോന്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഈ സമയത്ത് പോലീസ് നീക്കുന്നതിനിടെ നവകേരള സദസ്സ് വൊളന്റിയര്‍ ടീ ഷര്‍ട്ട് ധരിച്ചെത്തിയ അനൂപ് മര്‍ദിക്കുകയായിരുന്നു.
എന്നാല്‍ ഇരുകാലുകളും തളര്‍ന്നുപോയതിനാല്‍ നിരങ്ങിനീങ്ങാനേ അജിമോനു കഴിഞ്ഞുള്ളു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വലിയ തരത്തില്‍ വിവാദമായി. ഇതിനു പിന്നാലെ അനൂപ് ഒളിവില്‍പ്പോയി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിനു ശ്രമിച്ചെങ്കിലും കീഴടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.അറസ്റ്റിനുശേഷം കോടതിയില്‍ ഹാജരാക്കിയ അനൂപിനു ജാമ്യമനുവദിച്ചു