ഭിന്നശേഷി വിഭാഗക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ശൃംഖലകള്‍ വഴി വിറ്റഴിക്കാൻ സഹായിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു 

ഭിന്നശേഷി വിഭാഗക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ശൃംഖലകള്‍ വഴി വിറ്റഴിക്കാൻ സഹായിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു 
alternatetext

ഗുണമേന്മയും വില്‍പ്പനസാധ്യതയും കണക്കിലെടുത്ത് ഭിന്നശേഷി വിഭാഗക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ശൃംഖലകള്‍ വഴി വിറ്റഴിക്കാൻ സഹായിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. നിയമസഭയില്‍ വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ.യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

നിലവില്‍ സപ്ലൈകോയുടെ ഹൈപ്പര്‍ മാര്‍ക്കറ്റ് / പീപ്പിള്‍സ് ബസാര്‍ / സൂപ്പര്‍മാര്‍ക്കറ്റ് ശ്രേണിയിലുള്ള വില്‍പ്പനശാലകളില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാൻ സപ്ലൈകോയും കുടുംബശ്രീ മിഷനുമായുള്ള കരാറനുസരിച്ച്‌ പ്രത്യേകം റാക്ക് അനുവദിച്ചു നല്‍കിയിട്ടുണ്ട്. ഈ മാതൃകയില്‍ സര്‍ക്കാര്‍, സഹകരണ, സപ്ലൈകോ സ്ഥാപനങ്ങള്‍ മുഖേന ഭിന്നശേഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും അവരെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടു വരാനും സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ച്‌ നടപ്പാക്കി വരുന്നത്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള വൊക്കേഷണല്‍ പരിശീലന കേന്ദ്രങ്ങള്‍, ക്ഷേമ സ്ഥാപനങ്ങള്‍, വികലാംഗക്ഷേമ കോര്‍പ്പറേഷൻ, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിവിധ എൻ ജി ഒ കള്‍ എന്നിവ വഴി നിരവധി തൊഴില്‍നൈപുണ്യ പരിശീലനങ്ങള്‍ സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കായി നല്‍കിവരുന്നുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു.

വീടുകളില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന സ്വയം തൊഴില്‍ പരിശീലനങ്ങളും ഇങ്ങനെ നല്‍കുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതോ / മരണപ്പെട്ടതോ ആയ, തീവ്ര ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്ന മാതാവിന് / സ്ത്രീകളായ രക്ഷിതാവിന് സ്വയം തൊഴില്‍ ചെയ്യാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ് മുഖേന ‘സ്വാശ്രയ’ പദ്ധതിയുടെ കീഴില്‍ ഒറ്റത്തവണ ധനസഹായം നല്‍കി വരുന്നു. കൂടാതെ, വികലാംഗക്ഷേമ കോര്‍പ്പറേഷൻ, എംപ്ലോയിമെന്റ് വകുപ്പ് എന്നിവ മുഖേന ഭിന്നശേഷിക്കാരായവര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് വായ്പകളും സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട് – മന്ത്രി ഡോ. ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു.