ഭവന നിര്‍മാണ ബോര്‍ഡിന്റെ പ്രാമുഖ്യം തിരിച്ചു കൊണ്ടുവരുമെന്ന് കെ. രാജൻ

ഭവന നിര്‍മാണ ബോര്‍ഡിന്റെ പ്രാമുഖ്യം തിരിച്ചു കൊണ്ടുവരുമെന്ന് കെ. രാജൻ
alternatetext

തിരുവനന്തപുരം: ഭവന നിര്‍മ്മാണ രംഗത്തെ അനുഭവ സമ്ബത്തിന്റെയും പുതിയ കാലത്തിന്റെ കൃത്യതയാര്‍ന്ന വീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഹൗസിങ് ബോര്‍ഡിന്റെ പ്രാമുഖ്യം തിരിച്ചു കൊണ്ടുവരുമെന്ന് മന്ത്രി കെ. രാജൻ. ഇടത്തരം വരുമാനക്കാര്‍ക്കായി ഹൗസിങ് ബോര്‍ഡ് നടപ്പിലാക്കുന്ന ലോണ്‍ ലിങ്ക്ഡ് സബ്സിഡി സ്കീമിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ മറ്റു ബോര്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി 14 ജില്ലകളിലും ഭൂമിയുള്‍പ്പെടെ നിരവധി ആസ്തികള്‍ ഉള്ള സ്ഥാപനമാണ് ഹൗസിങ് ബോര്‍ഡ്. പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു ഏറ്റവും കുറഞ്ഞ കാലയളവില്‍ ഹൗസിങ് ബോര്‍ഡിനെ പഴയ ഊര്‍ജ്ജസ്വലതയിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഡയക്ടര്‍ ബോര്‍ഡും ജീവനക്കാരും ഗൗരവത്തോടെ പ്രവര്‍ത്തിക്കണം. തിരുവനന്തപുരത്ത് നടപ്പാക്കുന്ന ഹൗസിങ് ബോര്‍ഡ് ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ ഗുണഭോക്തൃ രജിസ്ട്രേഷൻ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാൻ കഴിഞ്ഞത് ബോര്‍ഡിന്റെ പാരമ്ബര്യത്തിലും വിശ്വാസ്യതയിലുമുള്ള ഉറപ്പു കൊണ്ടാണ്.

കൊച്ചിയില്‍ മറൈൻ ഡ്രൈവില്‍ ബോര്‍ഡിന്റെ കൈവശമുള്ള 17 ഏക്കര്‍ സ്ഥലത്ത് 40 ലക്ഷം ചതുരശ്ര അടിയില്‍ താമസത്തിനും വ്യാപാരത്തിനും വിവിധ വിനോദ ഉപാധികള്‍ക്കും ഉതകുന്ന തരത്തില്‍ അന്താരാഷ്ട നഗരിക്ക് ഭവന നിര്‍മ്മാണ ബോര്‍ഡ് തുടക്കം കുറിക്കുകയാണ്. എൻ.ബി.സി.സി യുമായി കരാര്‍ ഒപ്പുവച്ച്‌ നടപടി ക്രമങ്ങളിലേക്ക് പോകുകയാണ്. 2150 കോടി രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര നഗരിക്ക് ഇപ്പോഴത്തെ വിപണന മൂല്യം പ്രകാരം 3650 കോടി രൂപ വിപണ മൂല്യം പ്രതീക്ഷിക്കുന്നു.

എം.എൻ ലക്ഷം വീട് പദ്ധതിയിലെ ഇരട്ട വീടുകള്‍ ഒറ്റവീടുകളാക്കി മനോഹരമായി പുതുക്കി പണിയാൻ ഭവന നിര്‍മാണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടപ്പാക്കും. ഇതിന് നിര്‍വധി സന്നദ്ധ സാമൂഹിക സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ബോര്‍ഡ് ചെയര്‍മാൻ പി.പി സുനീര്‍, ഗീതാ ഗോപി, ഹൗസിങ് കമീഷണര്‍ ബി. അബ്ദുള്‍ നാസര്‍, സി. ഹരികുമാര്‍, പൂജപ്പുര രാധാകൃഷ്ണൻ, ബി. ഹരികൃഷ്ണൻ തുടങ്ങിയവര്‍ സംസാരിച്ചു.