ആലപ്പുഴ: ജോലിക്കുപോയ ഭാര്യയെ സ്കൂട്ടർ തടഞ്ഞുനിർത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പരിക്കേറ്റ ഭർത്താവും മരണത്തിനു കീഴടങ്ങി. കടക്കരപ്പള്ളി 13ാം വാർഡ് വട്ടക്കര കൊടിയശേരില്‍ ശ്യാം ജി ചന്ദ്രൻ (36) ആണ് മരിച്ചത്. ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റിരുന്നു.
ശ്യാമിന്റെ ഭാര്യയും പട്ടണക്കാട് വെട്ടയ്ക്കല്‍ വലിയവീട്ടില്‍ പ്രദീപിന്റെയും ബാലാമണിയുടെയും മകളുമായ ആരതി (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്വകാര്യ ഫാർമസ്യൂട്ടിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് ശ്യാം മജിസ്ട്രേറ്റിനു മൊഴി നല്‍കിയിരുന്നു. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ചുകയറിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുത്തതുമാണ് കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു ശ്യാമിന്റെ മൊഴി.
തിങ്കളാഴ്ച രാവിലെയാണ് സ്കൂട്ടറില്‍ ജോലിസ്ഥലത്തേക്കുപോയ ആരതിയെ ആളൊഴിഞ്ഞ വഴിയില്‍ കാത്തുനിന്നു ശ്യാം പെട്രോളൊഴിച്ചു തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരതി വൈകിട്ടോടെ മരിച്ചു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഗാർഹിക പീഡനത്തെത്തുടർന്നു മക്കളുമൊത്തു മാറിത്താമസിച്ചിരുന്ന ആരതി, ജീവന് ഭീഷണിയുണ്ടെന്നു കാണിച്ചു ശ്യാമിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്.മൂന്നുമാസം മുൻപ് ഇയാള്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: വിശാല്‍, സിയ.