ബഹുഭാര്യത്വം നിരോധിക്കാന്‍ നീക്കവുമായി അസം സര്‍ക്കാര്‍. ബഹുഭാര്യത്വം ഇസ്ലാമില്‍ നിര്‍ബന്ധമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബഹുഭാര്യത്വം നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സമിതി സര്‍ക്കാരിനെ അറിയിച്ചു. ഇതോടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പു വരുത്തുന്നതിനാണ് ബഹുഭാര്യത്വം നിരോധിക്കാനുള്ള നീക്കമെന്നാണ് അസം സര്‍ക്കാര്‍ പറയുന്നത്.
വിഷയത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ഓഗസ്റ്റ് 30ന് മുമ്ബ് ഇ മെയില്‍ വഴി അഭിപ്രായം അറിയിക്കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയും മുസ്ലിം വ്യക്തിനിയമവും പരിശോധിച്ചാണ് ഇസ്ലാമില്‍ ബഹുഭാര്യത്വം നിര്‍ബന്ധമല്ലെന്ന് വിദഗ്ധ സമിതി നിര്‍ദേശം നല്‍കിയത്. കണ്‍കറന്റ് ലിസ്റ്റിലാണ് വിവാഹം ഉള്‍പ്പെടുന്നത്. അതുകൊണ്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിര്‍മാണം നടത്താന്‍ സാധിക്കും.
ബഹുഭാര്യത്വം നിരോധിക്കുന്നത് മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ലെന്നും സമിതി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഓഗസ്റ്റ് ആറിനാണ് അസം സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. മുന്‍ ജഡ്ജി റൂമി കുമാരി ഫുകാന്‍ ആയിരുന്നു സമിതി അധ്യക്ഷ . അസം അഡ്വക്കറ്റ് ജനറല്‍ ദേവജിത് ശൈകിയ, അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ നളിന്‍ കോലി, ഗുവാഹത്തി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് നെകിബുര്‍ സമാം എന്നിവരായിരുന്നു സമിതിയംഗങ്ങള്‍.