ന്യൂഡല്‍ഹി: 1980കളില്‍ രാമജൻമഭൂമി പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ബി.ജെ.പി സ്ഥാപകനേതാവ് ലാല്‍ കൃഷ്ണ അദ്വാനിക്ക് (96) പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം പ്രഖ്യാപിച്ചു. എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹിയിലെ വസതിയിലെത്തി അദ്വാനിയെ അഭിനന്ദിച്ചു. പത്മവിഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായ അദ്വാനി ഇന്ത്യയുടെ വികസനത്തിനു നല്കിയ സംഭാവനകള്‍ മഹത്തരമാണെന്ന് നരേന്ദ്രമോദി പറഞ്ഞു.
പാർലമെന്ററി ഇടപെടലുകള്‍ മാതൃകാപരവും ഉള്‍ക്കാഴ്ച നിറഞ്ഞതുമാണ്. അചഞ്ചലമായ പ്രതിബദ്ധതയും രാഷ്ട്രീയ ധാർമികതയും കാത്തുസൂക്ഷിച്ചതാണ് അദ്വാനിയുടെ പൊതുജീവിതം. ദേശീയ ഐക്യത്തിനും സാംസ്കാരിക പുനരുജ്ജീവനത്തിനുമായി സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബി.ജെ.പിയെ ഹിന്ദി ബെല്‍റ്റില്‍ വേരൂന്നാൻ സഹായിച്ച രാമ ജൻമഭൂമി പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ അദ്വാനി,ജനുവരി 22ലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ആരോഗ്യകാരണങ്ങളാല്‍ പങ്കെടുത്തിരുന്നില്ല. ക്ഷണിക്കാൻ വൈകിയെന്ന ആരോപണവും ഉയർന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് പുരസ്കാര പ്രഖ്യാപനം. ബീഹാർ മുൻമുഖ്യമന്ത്രിയും പിന്നാക്ക നേതാവുമായിരുന്ന കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ജനുവരി 23ന് ഭാരത് രത്നം പ്രഖ്യാപിച്ചിരുന്നു.