തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികള്‍ നടത്താനാണ് ബി ജെ പിയും ഹിന്ദു സംഘടനകളും തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകള്‍ നടക്കുക. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബി ജെ പി നേതാക്കളും പങ്കെടുക്കും.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിലാകും പങ്കെടുക്കും. വൈകീട്ട് വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും ബി ജെ പി ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം അയോധ്യ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ദില്ലിയടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ ആഘോഷ പരിപാടികളാണ് നടക്കുക. അയോധ്യ പ്രതിഷ്ഠാദിനം ഉത്തരേന്ത്യയില്‍ വലിയ ആഘോഷമാണ് സംഘപരിവാർ സംഘടനകളുടെയും വ്യാപാര സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്നത്. വിവിധ ക്ഷേത്രങ്ങളിലും നഗരങ്ങളിലും വലിയ ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. തെരുവുകളിലും ക്ഷേത്രങ്ങള്‍ക്ക് മുന്നിലും വാഹനങ്ങളിലുമെല്ലാം ജയ് ശ്രീറാം എന്നെഴുതിയ കൊടി തോരണങ്ങളാണ് ദില്ലിയടക്കമുള്ള നഗരങ്ങളില്‍ കാണുന്നത്. എവിടേക്ക് നോക്കിയാലും വലിയ ഫ്ലക്സ് ബോർഡുകളും ഇവിടങ്ങളില്‍ കാണാം.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാർ സംഘടനകളെ കൂടാതെ ഇതര രാഷ്ട്രീയപാർട്ടികളും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ദില്ലിയിലെ പ്രധാനവ്യാപാരകേന്ദ്രമായ സരോജനി മാർക്കറ്റില്‍ ഇന്ന് 51 കിലോ ലഡു വിതരണം ചെയ്യും. ചിരാതും തെളിക്കും.
പ്രതിഷ്ഠദിനത്തോട് മുന്നോടിയായി ക്ഷേത്രങ്ങളിലും തിരക്കുണ്ട്. ഭോപ്പാല്‍, ജയ്പൂർ, നോയിഡ, ഇൻഡോർ, കൊല്‍ക്കത്ത ഉള്‍പ്പെടെ നഗരങ്ങളിലും വിപുലമായ ആഘോഷങ്ങളുണ്ട്.പ്രതിഷ്ഠദിനത്തില്‍ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും നടത്താനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം