ആലപ്പുഴ: കലവൂരില്‍ 63 കാരി സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളെ ഇന്ന് കേരളത്തിലെത്തിക്കും.
കൊലയ്ക്കു ശേഷം കടന്നുകളഞ്ഞ ഇരുവരെയും വ്യാഴാഴ്ചയാണ് പോലീസ് പിടികൂടിയത്.
കർണാടകയിലെ മണിപ്പാലില്‍നിന്നാണ് പ്രതികളായ മാത്യൂസിനെയും ശർമിളയെയും പിടികൂടിയത്. കഴിഞ്ഞ ദിവസം സുഭദ്രയുടെ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇവരുടെ കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
സുഭദ്രയുടെ ശരീരത്തിന്‍റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂർണമായും തകർന്നിട്ടുണ്ട്. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
കൊലയ്ക്ക് ശേഷമാണ് കൈ ഒടിച്ചതെന്നാണ് നിഗമനം. കോര്‍ത്തുശേരിയില്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. സുഭദ്രയുടെ മക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
തീർഥാടന യാത്രക്കിടെയാണ് ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടത്. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീർഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പോലീസ്.
സെപ്റ്റംബർ നാലിന് വീട്ടില്‍ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ ഏഴിനാണ് മകൻ രാധാകൃഷ്ണൻ പോലീസിന് പരാതി നല്‍കിയത്. ക്ഷേത്ര ദർശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി.
സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവർക്കൊപ്പമാണ് കൊച്ചിയില്‍ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കല്‍ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
സുഭദ്രയുടെ സ്വർണം ദമ്ബതികള്‍ കൈക്കലാക്കിയിരുന്നെന്നും അതേ കുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവർ അവിടെനിന്ന് കടന്നുകളയുകയായിരുന്നു.