തിരുവനന്തപുരം: അസാധ്യം എന്നൊരു വാക്ക് കേരളത്തിലില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതിന്‍റെ അടുത്ത നിമിഷത്തിലാണ് നാം നില്ക്കുന്നത്. ഏത് പ്രതിസന്ധിയെയും, അത് എത്ര വലുതാണെങ്കിലും അതിജീവിക്കും എന്ന് നാം നമ്മുടെ ഒരുമയിലൂടെയും ഐക്യത്തിലൂടെയും തെളിയിച്ചിട്ടുള്ളതാണ്. അതാണ് ഈ തുറമുഖ കാര്യത്തിലും നമുക്ക് കാണാനാകുകയെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.
ഇതുപോലെ എട്ട് കപ്പല്‍ കൂടി ഇനിയുള്ള ദിവസങ്ങളില്‍ എത്തുമെന്നും ആറുമാസം കൊണ്ട് പൂര്‍ണമായും പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനല്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ മൂലം കുറച്ച് കാലതാമസം വന്നുവെന്നത് വസ്തുതയാണ്. പക്ഷെ വേഗത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാൻ സാധിച്ചു. ഈ പദ്ധതി യാഥാര്‍ഥ്യമാകണമെന്ന് ജനങ്ങള്‍ ആകെ ആഗ്രഹിക്കുന്ന കാര്യമാണ്. ഇതുപോലൊരു തുറമുഖം ലോകത്തില്‍ അപൂര്‍വമാണ്.
അത്രമാത്രം വികസന സാധ്യതയാണ് ഈ പോര്‍ട്ടിന്‍റെ ഭാഗമായുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. ഈ തുറമുഖത്തിന്‍റെ സാന്നിധ്യത്തിലൂടെ വരാൻ പോകുന്ന വികസനം നമ്മുടെ ഭാവനകള്‍ക്കപ്പുറമുള്ളതാണ്. അതിനുതകുന്ന സമീപനം നാമെല്ലാവരും സ്വീകരിക്കണം. ഇതിന്‍റെ ഭാഗമായി ഒരു ഔട്ടര്‍ റിംഗ് റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ധാരാളം പുതിയ പദ്ധതികള്‍ കൂടി വരും. നാം കണക്കാക്കിയതിലും അപ്പുറമാണ് അതിനുള്ള സാധ്യത. നമ്മുടെ വികസന കുതിപ്പിന് കരുത്തേകുന്ന ഒന്നാകും തുറമുഖമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വിഴിഞ്ഞത്തിനെതിരേ ചില അന്താരാഷ്ട്ര ലോബികള്‍ പ്രവര്‍ത്തിച്ചെന്നും വാണിജ്യലോബികളും അതിനൊപ്പം നിന്നുവെന്നും എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം നാലിന് തുറമുഖത്തിന്‍റെ ബെര്‍ത്തില്‍ എത്തിയ ഷെൻ ഹുവ 15 എന്ന ചൈനീസ് കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ പതാകവീശിയും ബലൂണ്‍ പറത്തിയും വാട്ടര്‍ സല്യൂട്ട് നല്‍കിയുമാണ് വരവേറ്റത്.
കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളും കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും കപ്പലിനെ വരവേല്‍ക്കാനെത്തിയിരുന്നു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിന് സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് വാട്ടര്‍വേയ്സ് ആൻഡ് ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി.
കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂര്‍ എംപി, എം. വിൻസന്‍റ് എംഎല്‍എ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ, അദാനി വിഴിഞ്ഞം പോര്‍ട്സ് ലിമിറ്റഡ് ചെയര്‍മാൻ കരണ്‍ അദാനി എന്നിവരും മന്ത്രിമാരും മറ്റു നേതാക്കളും സന്നിഹിതരായിരുന്നു. ആദ്യകപ്പല്‍ എത്തുന്ന ചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തുറമുഖ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചു.
കരയിലും കടലിലും നിരീക്ഷണമുണ്ടാകും. അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയത്. പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ട്. ആയിരം ദിവസംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനത്തോടെ 2015 ഡിസംബര്‍ 15 നാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. നിരവധി പ്രതിസന്ധികളെ നേരിട്ട് ഒടുവില്‍ എട്ടാം വര്‍ഷമാണ് ക്രെയിനുമായി ആദ്യകപ്പല്‍ എത്തിച്ചേര്‍ന്നത്. അടുത്ത വര്‍ഷം ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി അന്താരാഷ്‌ട്ര തലത്തില്‍ ചരക്കു നീക്കം ആരംഭിക്കാൻ സാധിക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ മുൻനിര തുറമുഖമായി വിഴിഞ്ഞം മാറും.