അരൂര്‍-തുറവൂര്‍ ഉയരപ്പാത: ഗതാഗത തടസം ഒഴിവാക്കി നിര്‍മാണം

അരൂര്‍-തുറവൂര്‍ ഉയരപ്പാത: ഗതാഗത തടസം ഒഴിവാക്കി നിര്‍മാണം
alternatetext

ആലപ്പുഴ: അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഉയരപ്പാത നിര്‍മാണം ഗതാഗത തടസ്സം പരമാവധി ഒഴിവാക്കി നടപ്പാക്കാൻ തീരുമാനം. മന്ത്രി പി. പ്രസാദ് കലക്ടറേറ്റില്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകളും നിശ്ചിത ഉയരപരിധിയില്‍ വരുന്ന വാഹനങ്ങളും നിലവിലെ വഴിയിലൂടെതന്നെ സഞ്ചരിക്കാൻ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. നിശ്ചിത ഉയരപരിധിയില്‍ കൂടുതലുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്ന സാഹചര്യത്തില്‍ ദേശീയ പാതക്കിരുവശവുമുള്ള സമാന്തര റോഡുകളിലൂടെ കണ്ടെയ്‌നറുകളും ട്രെയിലറുകളും കടന്നു പോകുമോയെന്ന് പരിശോധിക്കാൻ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും.

തുടര്‍ച്ചയായ രണ്ടുദിവസം പരിശോധനയുണ്ടാകും. രാവിലെ 11ന് ചൊവ്വാഴ്ച അരൂര്‍ ഭാഗത്തുനിന്ന് തുറവൂരിലേക്കും ബുധനാഴ്ച തിരിച്ചുമാണ് പരിശോധന. നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്ത് 5.5 മീറ്ററില്‍ ഇരുഭാഗങ്ങളിലും കൂടി പൊതുഗതാഗതം അനുവദിക്കുമെന്ന് നിര്‍മാണ കമ്ബനി അറിയിച്ചു. വഴിതിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന പി.ഡബ്ല്യു.ഡി. റോഡുകളുടെയും ഇരുവശങ്ങളിലെ അനധികൃത കൈയേറ്റങ്ങളും പാര്‍ക്കിങ്ങും അടിയന്തരമായി നീക്കും. പി.ഡബ്ല്യു.ഡി റോഡുകളില്‍ ബാക്കിയുള്ള ടാറിങും മറ്റ് അറ്റകുറ്റപ്പണികളും കരാര്‍ കമ്ബനിയും സൈഡ് ഫില്ലിങ് പി.ഡബ്ല്യു.ഡിയും (റോഡ്‌സ്) ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ തീര്‍ക്കണം.

ഗതാഗതം തിരിച്ചുവിടുന്ന ഭാഗങ്ങളിലും നിര്‍മാണം നടക്കുന്ന ഭാഗങ്ങളിലും ആവശ്യത്തിന് വഴിവിളക്കുകള്‍, റിഫ്ലക്ടറുകള്‍, കോണ്‍വെക്‌സ് ലെൻസുകള്‍, ബ്ലിംഗര്‍ ലൈറ്റുകള്‍, സൂചന ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും. നിര്‍മാണ പുരോഗതി സംബന്ധിച്ച ഒരു വര്‍ഷത്തേക്കുള്ള ബാര്‍ ചാര്‍ട്ട് തയാറാക്കാൻ കലക്ടര്‍ നിര്‍ദേശിച്ചു. വഴി തിരിച്ചുവിടുന്ന റോഡുകളില്‍ വിദ്യാര്‍ഥികള്‍ നിരത്തിലുള്ള തിരക്കേറിയ സമയത്ത് കണ്ടെയ്‌നറുകളും ട്രെയിലറുകളും നിയന്ത്രിക്കുന്നതിന് പൊലീസ് നടപടി സ്വീകരിക്കും.

ബസ് ബേകള്‍ക്ക് അനുയോജ്യമായ സ്ഥലം പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ ചേര്‍ന്ന് കണ്ടെത്തും. ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആര്‍. രജിത, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. ജയകുമാര്‍, അരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി. ബിജു, തുറവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ഒ. ജോര്‍ജ്, അരൂര്‍ എം.എല്‍.എ ദലീമ ജോജോയുടെ പ്രതിനിധി എച്ച്‌. മുഹമ്മദ് ഷാ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.