ആരോഗ്യ ഇൻഷുറൻസിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് പോലീസ് പിടിയിൽ

ആരോഗ്യ ഇൻഷുറൻസിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് പോലീസ് പിടിയിൽ
alternatetext

ആരോഗ്യ ഇൻഷുറൻസിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ലാ വീട്ടില്‍ ഷെറിൻ എസ്. തോമസ് (28) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആന്ധ്ര ബാങ്ക് യൂണിയൻ ബാങ്കുമായി ലയിച്ചതിനു ശേഷം ഈ ബാങ്കില്‍ അക്കൗണ്ട് ഉള്ള ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ സമീപിച്ച്‌ ആന്ധ്ര ബാങ്കില്‍ ഉണ്ടായിരുന്നപ്പോള്‍ എടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസി പുതിയ ബാങ്കിലേക്ക് പോര്‍ട്ട് ചെയ്തു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പണം തട്ടിയെടുക്കുകയായിരുന്നു.

5 ലക്ഷം രൂപയുടെ പോളിസിക്ക് ഒരു വര്‍ഷം 32,664 രൂപ പ്രീമിയം തുകയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. വീട്ടമ്മ പണം നല്‍കിയതിനു ശേഷവും ഇൻഷുറൻസ് നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഇയാളെ വിളിച്ചെങ്കിലും കാലാവധി കഴിഞ്ഞ പോളിസി നമ്ബറില്‍ വീട്ടമ്മയുടെ പേര് വ്യാജമായി ചേര്‍ത്ത് നല്‍കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ വീട്ടമ്മ ബാങ്കിനെ സമീപിക്കുകയും എന്നാല്‍ ബാങ്ക് ഇത് വ്യാജ രേഖയാണെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനക്കൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത്തരത്തില്‍ ഇയാള്‍ കൂടുതല്‍ ആള്‍ക്കാരെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. വൈക്കം സ്റ്റേഷൻ എസ്.എച്ച്‌.ഒ രാജേന്ദ്രൻ നായര്‍, എസ്.ഐ ദിലീപ് കുമാര്‍ കെ, ഷിബു വര്‍ഗീസ്, സി.പി.ഒ സുദീപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.