ന്യൂനമര്‍ദം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

rain
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട മഴ തുടരുമെങ്കിലും തീവ്ര മഴ മുന്നറിയിപ്പില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും അലേർട്ടുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം ഡിസംബർ 12 ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും മഴ തുടരുന്നത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ന് തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയുടെ തെക്കൻ ഭാഗങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.