കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായ അർജുന്റെ മൃതദേഹം കോഴിക്കോട്ട് എത്തിച്ചു. കോഴിക്കോട്ട് അഴിയൂർ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി എ.കെ. ശശീന്ദ്രൻ ഏറ്റുവാങ്ങി. കാസർഗോഡ് സംസ്ഥാന അതിർത്തിയില്‍ അർജുന്റെ മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങിയിരുന്നു. നിരവധി പേരാണ് അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാസർഗോഡ് കാത്തുനിന്നത്. കാസർഗോഡുനിന്ന് കേരള-കർണാടക പോലീസിന്റെ അകമ്ബടിയോടെയാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്.
കർണാടകയുടെ പ്രതിനിധിയായി കാർവാർ എംഎല്‍എ സതീഷ് സെയിനും വാഹനത്തെ അനുഗമിക്കുന്നുണ്ട്. ഷിരൂർ ദൗത്യത്തില്‍ തുടക്കംമുതല്‍ പങ്കാളിയായ പ്രാദേശിക മുങ്ങല്വിദഗ്ധൻ ഈശ്വർ മാല്‍പെയും ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്.
അർജുനുമായുള്ള ആംബുലൻസ് രാവിലെ 8.30 ഓടെ ജന്മനാടായ കണ്ണാടിക്കലില്‍ എത്തും. തുടർന്ന് വിലാപയാത്രയായി വീട്ടിലെത്തിക്കും. ഒരു മണിക്കൂർ വീട്ടില്‍ പൊതുദർശനം ഉണ്ടാകുമെന്നാണ് വിവരം. തുടർന്ന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കും.