മലപ്പുറം: വണ്ടൂരില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയിടിച്ച് റോഡിലേക്ക് തലയടിച്ചു വീണയാള്‍ക്ക് ദാരുണാന്ത്യം. ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദാണു മരിച്ചത്. 47 വയസായിരുന്നു.
ഗുരുതരമായി പരുക്കേറ്റയാള്‍ ചികിത്സയിലിരിക്കേ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്. 10 വയസ്സുകാരനായ മകനും ഒപ്പം ഉണ്ടായിരുന്നു. വണ്ടൂരിലെ വീട്ടിലേക്ക് പോകും വഴിയാണ് എളങ്കൂരുവച്ചു കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടിയത്.
റോഡിലേക്ക് തെറിച്ച് വീണ നൗഷാദിന്റെ തല റോഡിലിടിച്ചു ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തില്‍ മകനും പരിക്കുണ്ട്. ഇരുവരെയും നാട്ടുകാർ ചേർന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
ചികിത്സയിലിരിക്കെ ഇന്നാണ് നൗഷാദിന്റെ മരണം സംഭവിച്ചത്. കോണ്‍ഗ്രസിന്റെ വണ്ടൂരിലെ പ്രാദേശിക നേതാവാണ് മരിച്ച നൗഷാദ്. ഖബറടക്കം നാളെ.