കോലഞ്ചേരി: അരളി പൂവ് കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച രണ്ട് സ്കൂൾ വിദ്യാര്‍ത്ഥികളെ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നിരീക്ഷണത്തിലാക്കിയത്.
വെള്ളിയാഴ്ച രാവിലെ ക്ലാസിൽ വച്ച് തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സി.എച്ച്.സിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. വീട്ടിൽ നിന്നും വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടർമാരോട് പറഞ്ഞത്. രക്തസാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂർ കർശന നിരീക്ഷണത്തിനു ശേഷം തുടർചികിത്സാ കാര്യത്തിൽ തീരുമാനമെടുക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം.