അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രിം കോടതിയെ സമീപിച്ചു

അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രിം കോടതിയെ സമീപിച്ചു
alternatetext

അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രിം കോടതിയെ സമീപിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുല്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ശിക്ഷാ വിധിയെ തുടര്‍ന്ന് 2023 മാര്‍ച്ച്‌ 24 ന് ഗാന്ധിയെ പാര്‍ലമെന്റ് സ്ഥാനത്തുനിന്നും അയോഗ്യനാക്കുകയായിരുന്നു.

2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. മോദി പരാമര്‍ശം സംബന്ധിച്ച അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇപ്പോഴത്തെ ശിക്ഷാവിധി സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്നും ഈ കോടതി അത് അര്‍ഹിക്കുന്ന ഗൗരവത്തോടെയും പ്രാധാന്യത്തോടെയും കാണേണ്ടതുണ്ടെന്നും രാഷ്ട്രീയത്തില്‍ സംശുദ്ധി ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ ഹരജി തള്ളിയത്. പത്തിലേറെ അപകീര്‍ത്തി കേസുകള്‍ രാഹുലിനെതിരെയുണ്ടെന്ന് കോടതി പറഞ്ഞു. രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിനെതിരായ കേസും കോടതി ചൂണ്ടിക്കാട്ടി

2019ല്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സി ജെ എം കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു