കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേ പ്രഖ്യാപിച്ച അന്വഷണം തടയണമെന്ന കെ.എസ്.ഐ.ഡി.സിയുടെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചില്ല. അന്വഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മറച്ചുവയ്‌ക്കാനുണ്ടോയെന്നു കെ.എസ്.ഐ.ഡി.സിയോട് കോടതി ആരാഞ്ഞു.
രേഖകള്‍ പരിശോധിക്കുന്നതില്‍ ഒരു പൊതുമേഖലാ സ്‌ഥാപനത്തിന് എന്താണ് ആശങ്കയെന്നും ആരാഞ്ഞു. ഒളിക്കാനൊന്നുമില്ലെന്നും എന്നാല്‍ രണ്ട് സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട അന്വഷണത്തില്‍ ഉള്‍പ്പെടുത്തിയതു നിയമാനുസൃതമല്ലെന്നും കെ.എസ്.ഐ.ഡി.സി. വാദിച്ചു.എക്‌സാലോജിക്, കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍. എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഈ മാസം 12ന് പരിഗണിക്കാന്‍ മാറ്റി.
ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. എസ്.എഫ്.ഐ.ഒ. അന്വഷണവും പരിശോധനയും അടക്കമുള്ളവ തടയാനാവില്ലെന്നു കോടതി വ്യക്‌തമാക്കി. നോട്ടീസ് നല്‍കാതെയാണ് എസ്.എഫ്.ഐ.ഒ. പരിശോധനയെന്നു കെ.എസ്.ഐ.ഡി.സി. കോടതിയില്‍ അറിയിച്ചു. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോടു വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചു