പതിനാറുകാരന് സ്കൂട്ടറോടിക്കാൻ നല്‍കിയ അമ്മക്കെതിരെ പൊലീസ് കേസ്

പതിനാറുകാരന് സ്കൂട്ടറോടിക്കാൻ നല്‍കിയ അമ്മക്കെതിരെ പൊലീസ് കേസ്
alternatetext

തിരുവനന്തപുരം വര്‍ക്കലയില്‍ പതിനാറുകാരന് ഇരുചക്രവാഹനമോടിക്കാന്‍ നല്‍കിയ അമ്മയ്ക്കെതിരെ പൊലീസ്‌ കേസെടുത്തു. കുട്ടിയുടെ അമ്മയായ പാളയംകുന്ന്‌ പോസ്റ്റ്‌ ഓഫീസ്‌ ജീവനക്കാരിക്കെതിരെയാണ്‌ അയിരൂര്‍ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌.

പൊലീസിന്റെ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ്‌ വര്‍ക്കല അയിരൂരില്‍ നിന്നും പാളയംകുന്ന്‌ ഭാഗത്തേക്ക്‌ ഇരുചക്ര വാഹനം ഓടിച്ചു വരുന്ന 16 കാരനെ പൊലീസ്‌ കാണുന്നത്‌. കുട്ടിയുടെ വാഹനം നിര്‍ത്തിച്ച്‌ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയതില്‍ നിന്നും അമ്മയാണ്‌ കുട്ടിക്ക്‌ വാഹനമോടിക്കാന്‍ നല്‍കിയതെന്ന്‌ മനസ്സിലായി.

തുടര്‍ന്ന്‌ പാളയംകുന്ന്‌ പോസ്റ്റ്‌ ഓഫീസ്‌ ജീവനക്കാരിയായ അമ്മയ്ക്കെതിരെ അയിരൂര്‍ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ മേല്‍ നിയമനടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നു. 50,000 രൂപ പിഴയോ, ഒരു വര്‍ഷം തടവു ശിക്ഷയോ അല്ലെങ്കില്‍ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌ ഇതെന്നും അയിരൂര്‍ പൊലീസ്‌ അറിയിച്ചു.