മുഖ്യമന്ത്രി കൊള്ളക്കാരൻ,ആരോപണം നിഷേധിച്ചാൽ തെളിയിക്കും:ഷോൺ ജോർജ്

മുഖ്യമന്ത്രി കൊള്ളക്കാരൻ,ആരോപണം നിഷേധിച്ചാൽ തെളിയിക്കും:ഷോൺ ജോർജ്
alternatetext

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും എക്‌സാലോജിക്കിനും എതിരേ രൂക്ഷവിമര്‍ശനവുമായി ഷോണ്‍ ജോര്‍ജ്ജ്. വീണയ്ക്ക് ദുബായില്‍ അക്കൗണ്ട് ഉണ്ടെന്നും അതിലേക്ക് വിവിധ കമ്ബനികളില്‍ നിന്നും കോടികള്‍ ഒഴുകിയതായും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷോണ്‍ജോര്‍ജ്ജ് ആരോപിച്ചു. യുഎഇ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ എക്‌സാലോജിക്കിന് അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ടുകള്‍ വഴി കോടികള്‍ ഒഴുകിയതായും ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി.

ഇതിലെ അക്കൗണ്ട് വീണയുടേയും എം സുനീഷിന്റെയും പേരിലാണ്. ഇതിലേക്ക് കോടികളുടെ ട്രാന്‍സാക്ഷന്‍ നടന്നിട്ടുണ്ടെന്നും എസ്‌എന്‍സി ലാവ്‌ലിന്‍, പ്രൈസ് വാട്ടേഴ്സ് കൂപ്പേഴ്‌സില്‍ നിന്നും വലിയ തുക ട്രാന്‍സാക്ഷന്‍ നടന്നിട്ടുണ്ടെന്ന് ഷോണ്‍ ആരോപിക്കുന്നു. വിവിധ കമ്ബനികളില്‍ നിന്നും ഇതിലേക്ക് പണം വന്നിട്ടുണ്ട്. കരിമണല്‍ കടത്തും മാസപ്പടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പറഞ്ഞു. ഈ വിവരങ്ങളും രേഖകളും കാണിച്ച താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. 2018 ഡിസംബര്‍ 1 നാണ് എക്‌സാലോജിക്ക് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

2020 നവംബര്‍ 30 നും ഇടയില്‍ അവസാനിക്കുന്ന രീതിയിലാണ് കരാര്‍. ഈ കാലയളവിലാണ് ഈ അക്കൗണ്ടുകളിലേക്ക് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിലേക്ക് പണം വന്നതെന്നും ഷോണ്‍ജോര്‍ജ്ജ് പറഞ്ഞു. സിഎംആര്‍എല്‍ ഇടപാടില്‍ നടന്ന തിരിമറിയില്‍ പണം എവിടെ പോയി എന്നറിയണം. വിദേശത്ത് നടത്തുന്ന ബാങ്ക് അക്കൗണ്ട് വിവരം ആദായനികുതി വകുപ്പിനെ അറിയിക്കണമെന്നാണ് നിയമം. അത് അറിയിച്ചിട്ടില്ലെങ്കില്‍ വീണ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പറഞ്ഞു. മുഖ്യമന്ത്രി കൊള്ളക്കാരനാണെന്നും വിദേശത്തെ പണമിടപാട് സംബന്ധിച്ച്‌ അന്വേഷണം വേണമെന്നും പറഞ്ഞു. ആരോപണം നിഷേധിച്ചാല്‍ തെളിവുകള്‍ നല്‍കാമെന്നും പറഞ്ഞു