അങ്കമാലി: അന്തർ സംസ്ഥാന റൂട്ടില്‍ സർവീസ് നടത്തുന്ന ബസില്‍നിന്നു 200 ഗ്രാം എംഡിഎംഎയുമായി യുവാവിനെ റൂറല്‍ ജില്ലാ പോലീസിന്റെ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിപിൻ ജോണ്‍ (27) ആണ് പിടിയിലായത്. ധരിച്ചിരുന്ന ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
ബംഗളുരുവില്‍നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസില്‍ എറണാകുളത്തേക്കാണ് യുവാവ് ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ 2.30 ഓടെ ബംഗളുരുവില്‍നിന്നും അങ്കമാലിയില്‍ എത്തിയ ബസില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മയക്കുമരുന്ന് വാങ്ങാൻ എത്തിയതെന്ന് സംശയിക്കുന്ന രണ്ടുപേരെയും ഫോർഡ് ഫിഗോ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.