വയനാട്: വയനാട് ഉരുള്‍പൊട്ടി നാശം വിതച്ച പ്രദേശത്ത് രക്ഷാ പ്രവർത്തനം ഇന്നും തുടരും. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. സര്‍ക്കാര്‍ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങളാണ്. എന്നാല്‍ മരണ സംഘ്യ 252 ആയതായും റിപ്പോർട്ടുണ്ട്. അതേസമയം, മേഖലയിലെ ഇന്നലത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.
കനത്ത മഴ തുടരുന്നതിനാല്‍ അപായ സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവർത്തനം നിർത്തി വയ്ക്കുകയായിരുന്നു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവർത്തകരെ സംഭവ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. മന്ത്രിമാർ അടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തനം ഏകോപിപ്പിക്കാൻ പ്രദേശത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ. വി.എൻ. വാസവൻ, വീണാ ജോർജ്, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി തുടങ്ങിയവരാണ് സ്ഥലത്ത് തുടരുന്നത്.