അഞ്ഞൂറു രൂപയുടെ വ്യാജ നോട്ട് അച്ചടിച്ച് ഉപയോഗിച്ച വിമുക്തഭടനും അഭിഭാഷകനും പ്രസ് ഉടമയും പിടിയില്‍. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. വിമുക്തഭടനും ചെന്നൈ ബാലാജി നഗര്‍ സ്വദേശിയുമായ അണ്ണാമലൈ ( 65 ) നുങ്കംപാക്കത്തെ ഒരു പച്ചക്കറിക്കടയില്‍ കള്ളനോട്ട് നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
നോട്ടില്‍ സംശയം തോന്നിയ പച്ചക്കറി ഉടമ വിവരം പൊലീസിനെ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് അണ്ണാമലൈയെ നുങ്കംബാക്കം പൊലീസ് പിടികൂടിയത്. പത്ത് വര്‍ഷത്തോളം സൈന്യത്തില്‍ പ്രവര്‍ത്തിച്ച ഇയാളെ പിരിച്ചുവിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ സുഹൃത്തും അഭിഭാഷകനായ വി സുബ്രഹ്മണ്യന്റെ ( 62 ) നേതൃത്വത്തിലാണ് നോട്ട് അച്ചടിക്കുന്നതെന്ന് ഇയാള്‍ മൊഴിനല്‍കി. തുടര്‍ന്ന് വിരുഗംബാക്കത്തെ ഒരു പ്രസില്‍ നടത്തിയ റെയ്ഡില്‍ 45.2 ലക്ഷം രൂപയുടെ 90 കെട്ട് നോട്ട് പൊലീസ് കണ്ടെടുത്തു. പ്രസ് ഉടമ കാര്‍ത്തികേയനേയും പിടികൂടി.
5 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ ഇവര്‍ ചെലവാക്കി. ആകെ 50 ലക്ഷം രൂപയുടെ കള്ള നോട്ട് ഇവര്‍ അച്ചടിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രിന്റിംഗ് മെഷീനുകളും പേപ്പര്‍ കട്ടിംഗ് മെഷീനുകളും പിടിച്ചെടുത്തു. ചെറിയ കടകളിലും പൂക്കടകളിലും കള്ളനോട്ടുകള്‍ നല്‍കിയായിരുന്നു ഇവരുടെ തട്ടിപ്പ്. പ്രതികളെ റിമാൻഡ് ചെയ്തു.