തിരുവനന്തപുരം: രണ്ട് പുതിയ അംഗങ്ങളുടെ വരവിനും നിലവിലുണ്ടായിരുന്ന ഒരംഗത്തിന്റെ രാജിക്കുമിടെ, പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ നിന്ന് ജയിച്ച യു.ആർ. പ്രദീപും സഭാസമ്മേളനത്തിനെത്തുമ്ബോള് മുഖ്യമന്ത്രി പിണറായി വിജയനോടും സി.പി.എമ്മിനോടും കലഹിച്ച് മുന്നണി വിടുകയും എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്ത പി.വി. അൻവറിന്റെ സീറ്റ് ഒഴിഞ്ഞുകിടക്കും.
പുതിയ ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആദ്യമായി സർക്കാറിന്റെ നയപ്രഖ്യാപനത്തിനായി വെള്ളിയാഴ്ച സഭയിലെത്തും. ആദ്യദിനം നയപ്രഖ്യാപനം മാത്രമാണ് കാര്യപരിപാടി. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയും മറുപടിയുമാണ്. സംസ്ഥാന സർവകലാശാലകളുടെ ഭരണം ഗവർണർമാർ മുഖേന കൈപ്പിടിയിലാക്കാൻ ലക്ഷ്യമിട്ടുള്ള യു.ജി.സി കരട് റെഗുലേഷനെതിരെ സഭയില്‍ പ്രമേയം വരാനുള്ള സാധ്യതയുമുണ്ട്.
പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. 20 മുതല്‍ 22 വരെ ചോദ്യോത്തരവേളയില്ലാതെ രാവിലെ ഒമ്ബതിന് ശൂന്യവേളയോടെയായിരിക്കും സഭ സമ്മേളനം ആരംഭിക്കുക. നിയമസഭ ജീവനക്കാർ അന്താരാഷ്ട്ര പുസ്തകോത്സവ തിരക്കിലായതുകൊണ്ടുണ്ടായ അസൗകര്യം കാരണമാണ് മൂന്ന് ദിവസങ്ങളിലെ ചോദ്യോത്തരവേള ഒഴിവാക്കുന്നത്.
അതേസമയം, മൂന്ന് സെഷനുകളിലായി 27 ദിവസം നിയമസഭ സമ്മേളനം ചേരുമ്ബോള്‍ സഭാതലത്തെ ചൂടുപിടിപ്പിക്കാൻ ഒട്ടേറെ വിവാദങ്ങള്‍. പി.വി. അൻവർ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ഉയർത്തിവിട്ട ആരോപണങ്ങളും പ്രത്യാഘാതങ്ങളും സഭയില്‍ വീണ്ടും ഉയർന്നുവരും. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലും വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫിനുണ്ടായ മികച്ച വിജയവും ചേലക്കരയില്‍ മണ്ഡലം നിലനിർത്തിയ എല്‍.ഡി.എഫ് പ്രകടനവും സഭാചർച്ചകളില്‍ വരും.
തൃശൂർ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്ബാദനമുള്പ്പെടെ ആരോപണങ്ങള്‍ നേരിട്ട എം.ആർ. അജിത് കുമാറിന് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സർക്കാർ തീരുമാനവും ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ കെ. ഗോപാലകൃഷ്ണനെതിരെ സർക്കാർ സ്വീകരിച്ച മൃദുസമീപനവും സഭയില്‍ ഉയരും. വയനാട്ടില്‍ ഡി.സി.സി ട്രഷററുടെയും മകന്റെയും ആത്മഹത്യയിലേക്ക് നയിച്ച വിവാദവും ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എക്കെതിരെ ഉയർന്ന ആരോപണങ്ങളും പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആയുധമാക്കും. വനം ഭേദഗതി നിയമത്തിനെതിരായ വികാരവും സഭയില്‍ പ്രതിപക്ഷം ഉയർത്തിയേക്കും.