നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ അന്വേഷണത്തിന് നിര്‍ദേശം

നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ അന്വേഷണത്തിന് നിര്‍ദേശം
alternatetext

നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ അന്വേഷണം നടത്താൻ ആരോഗ്യ സർവകലാശാലയ്ക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) വെള്ളിയാഴ്ചയാണ് താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്നും മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചുവെന്നുമാണ് കുടുംബം ആരോപിച്ചത്. അധ്യാപകരും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്. അമ്മു ടൂര്‍ കോര്‍ഡിനേറ്ററായത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നത്.

ടൂറിന് പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. പ്രശ്‌നങ്ങളെ പറ്റി കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ലോഗ് ബുക്ക് കാണാതെ പോയതില്‍ അമ്മുവിനെ കുറ്റപ്പെടുത്തി. അനുവാദം ഇല്ലാതെ മുറിയില്‍ കയറി പരിശോധന നടത്തിയെന്നും ഇതില്‍ വലിയ മാനസിക ബുദ്ധിമുട്ടുണ്ടെന്നും അമ്മു പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. കോളേജില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്ബുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ സാമ്ബത്തിക തിരിമറി നടത്തിയിരുന്നു. ഇത് പുറത്ത് പറയുമോയെന്ന് ഭയന്ന് അമ്മുവിനെ അപായപ്പെടുത്തിയതാകാമെന്നും അമ്മ ആരോപിച്ചിരുന്നു.