മുണ്ടക്കൈ | വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇന്നു രാവിലെയോടെ 264 കടന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് രാത്രി നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം രാവിലെ തുടങ്ങി. കിട്ടിയ മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണ്.
നൂറോളം പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്ബുകളില്‍ 8,304 പേരാണ് കഴിയുന്നത്. മുണ്ടക്കൈയിലേക്കുള്ള ബെയിലി പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയിലാണ് നടക്കുന്നത്. പാലംപണി പൂര്‍ത്തിയായാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ പാല നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്ബ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മണ്ണലടിഞ്ഞ ജീവന്റെ തുടിപ്പുകള്‍ തേടി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. രാവിലെ കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗം നടക്കും. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് വയനാട്ടില്‍ എത്തും.