തിരുവനന്തപുരം: അഖിലേന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് പെര്‍മിറ്റ് റൂള്‍സ് ദുര്‍വ്യാഖ്യാനിച്ച് കോണ്‍ട്രാക്‌ട് ക്യാരിയേജ് ബസുകള്‍ സ്റ്റേജ് ക്യാരിയേജായി സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. ടൂറിസം വികസനത്തിനായി നല്‍കുന്ന അഖിലേന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നല്‍കി സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
വിവിധ സ്റ്റോപ്പുകളില്‍ യാത്രക്കാരെ ഇറക്കിയും കയറ്റിയും സര്‍വീസ് നടത്തുവാൻ കോണ്‍ട്രാക്‌ട് വാഹനങ്ങള്‍ക്ക് അനുവാദമില്ല. റീജിയണല്‍ ട്രാൻസ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദ്ദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ബസ് ചാര്‍ജ് ഈടാക്കി സര്‍വീസ് നടത്തുവാൻ സ്റ്റേജ് കാരിയേജ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂ.
ഒരു സ്ഥലത്തുനിന്ന് യാത്ര ആരംഭിച്ച് നിശ്ചിത സ്ഥലത്ത് യാത്ര അവസാനിപ്പിക്കുന്നതിനാണ് കോണ്‍ട്രാക്‌ട് ക്യാരിയേജുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്. ടൂറിസം വികസനം ലക്ഷ്യമാക്കി നല്‍കുന്ന അഖിലേന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ യാത്രക്കാരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കയറ്റിയും ഇറക്കിയും അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
കെ.എസ്.ആര്‍.ടി.സിയേയും ആയിരക്കണക്കിന് സ്വകാര്യ ബസുകളെയും അവയിലെ ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ ചില കോണ്‍ട്രാക്‌ട് കാരിയേജുകള്‍ സ്റ്റേജ് ക്യാരിയേജുകളായി സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.സവാരിക്കിടയില്‍ വാഹനം പിടിച്ചെടുത്ത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ യാത്ര തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും പരിശോധന നടത്തി നിയമപ്രകാരം സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുവാനാണ് നിര്‍ദ്ദേശം.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നതുള്‍പ്പെടെയുള്ള ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുന്നവര്‍ക്കെതിരെ ഐ.പി.സി. പ്രകാരം കേസെടുക്കുവാൻ പോലീസില്‍ പരാതി നല്‍കുവാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേരിട്ടും സംസ്ഥാനത്തെ എല്ലാ ആര്‍.ടി.ഒമാരും ഡി.റ്റി.സിമാരും ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.