കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സവാദ് റിമാൻഡില്‍

കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സവാദ് റിമാൻഡില്‍
alternatetext

കൊച്ചി: ചോദ്യപേപ്പറിലെ മതനിന്ദയുടെ പേരില്‍ തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ പെരുമ്ബാവൂര്‍ അശമന്നൂര്‍ നൂലേലി മുടശ്ശേരി സവാദ് (38) റിമാൻഡില്‍. കണ്ണൂര്‍ മട്ടന്നൂരില്‍ നിന്ന് പിടിയിലായ സവാദിനെ കളമശ്ശേരി എൻ.ഐ.എ കോടതിയില്‍ ഹാജരാക്കി ഈ മാസം 24 വരെയാണ് റിമാൻഡ് ചെയ്തത്.

ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ബുധനാഴ്ച പുലര്‍ച്ച ബേരത്തിലെ വാടകവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത സവാദിനെ ഉച്ചക്കുശേഷം കൊച്ചിയില്‍ എത്തിച്ചിരുന്നു. സംഭവം നടക്കുമ്ബോള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ്. കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിന് ആലുവയില്‍ നിന്ന് സവാദ് ബംഗളൂരുവിലേക്ക് കടന്നതായി അന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

എന്നാല്‍, 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നതാണെന്ന നിഗമനത്തിലും അന്വേഷണ ഏജൻസികള്‍ എത്തിയിരുന്നു. 2011 മാര്‍ച്ചിലാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ആദ്യം നാലുലക്ഷം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക ഉയര്‍ത്തിയത്.

കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിന് സവാദിനെ അവസാനമായി കണ്ടത് കേസില്‍ കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി സജിലായിരുന്നു. അധ്യാപകന്‍റെ കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണ് സവാദ് കടന്നത്. ക്രൈംബ്രാഞ്ചിനും എൻ.ഐ.എക്കും മഴു ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിനിടയില്‍ സവാദിന് ചെറിയതോതില്‍ പരിക്കേറ്റിരുന്നു. പരിക്കുമായി സവാദ് ആലുവ വരെ എത്തിയതിന് തെളിവുണ്ടെങ്കിലും അവിടെനിന്ന് എങ്ങോട്ടാണ് നീങ്ങിയതെന്ന് സംഘത്തിലെ മറ്റുള്ളവര്‍ക്കും അറിയില്ലായിരുന്നു.

എട്ടുവര്‍ഷം മുമ്ബ് കാസര്‍കോട്ടുനിന്ന് വിവാഹം കഴിഞ്ഞ സവാദ്, ഷാജഹാന്‍ എന്ന പേരിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. മരപ്പണിയെടുത്തായിരുന്നു ജീവിതം. മറ്റ് പ്രതികള്‍ നേരത്തേ പിടിയില്‍ 54 പ്രതികളുള്ള കേസില്‍ മറ്റ് പ്രതികളുടെ വിചാരണ ഇതിനകം പൂര്‍ത്തിയാക്കി. ഒന്നാംഘട്ടത്തില്‍ വിചാരണ നേരിട്ട 13 പേരെ കോടതി ശിക്ഷിച്ചു. ഇവരില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തവും മറ്റ് മൂന്നുപേര്‍ക്ക് മൂന്നുവര്‍ഷം വീതം തടവുമാണ് ശിക്ഷ. 18 പേരെ വിട്ടയച്ചു. രണ്ടാംഘട്ട വിചാരണയില്‍ ആറ് പ്രതികള്‍കൂടി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. അഞ്ചുപേരെ വെറുതെ വിടുകയും ചെയ്തു