സ്വര്‍ണക്കടത്ത് വിവാദം: പൊലീസിന്റെ പങ്ക് അന്വേഷിച്ച്‌ വിജിലന്‍സും

സ്വര്‍ണക്കടത്ത് വിവാദം: പൊലീസിന്റെ പങ്ക് അന്വേഷിച്ച്‌ വിജിലന്‍സും
alternatetext

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളംവഴി എത്തുന്ന സ്വര്‍ണം എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറും മുൻ മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ദാസും ഉള്‍പ്പെട്ട സംഘം പിടിച്ചെടുക്കുന്നെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണം വിവാദമായതോടെ കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തില്‍ പൊലീസടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച്‌ വിജിലന്‍സും. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സ്വര്‍ണക്കടത്തില്‍ സി.ഐ.എസ്.എഫ് അസി.

കമാന്‍ഡന്റ് നവീനിനെതിരെ കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിജിലന്‍സും അന്വേഷണം നടത്തുന്നത്. സംഘങ്ങള്‍ക്ക് സഹായം ചെയ്ത വിമാനത്താവള ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നതിനൊപ്പം കേസ് പൊലീസ് അന്വേഷിച്ച രീതിയും ഉന്നത ഇടപെടലും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി എം. ഗംഗാധരനാണ് അന്വേഷണ ചുമതല. 2023 ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് കള്ളക്കടത്തിലെ ഉന്നതബന്ധം പൊലീസ് കണ്ടെത്തിയത്.

സ്വര്‍ണം കൊണ്ടുവന്ന രണ്ട് യാത്രികരും സ്വീകരിക്കാനെത്തിയ രണ്ടുപേരുമുള്‍പ്പെടെ നാലുപേരാണ് പിടിയിലായിരുന്നത്. വിമാനത്താവള ലഗേജ് ജീവനക്കാരന്‍ ഷറഫലി, സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസല്‍ എന്നിവരില്‍നിന്നാണ് ഉദ്യോഗസ്ഥ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നും സി.ഐ.എസ്.എഫ് അസി. കമാന്‍ഡന്റ് നവീന്‍ കുമാറാണ് സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കടക്കം സംഭവത്തില്‍ പങ്കുണ്ടെന്നുമായിരുന്നു പൊലീസ് വിശദീകരണം.

തുടര്‍ന്ന് നവീന്‍ കുമാറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത പൊലീസ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെയും കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു. അന്ന് ജില്ല പൊലീസ് മേധാവിയായിരുന്ന എസ്. സുജിത്ദാസ് നേരിട്ട് കരിപ്പൂരിലെത്തിയാണ് അന്വേഷണം ഏകോപിപ്പിക്കുകയും ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുകയും ചെയ്തത്.

ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘം കരിപ്പൂര്‍ വഴി 60 തവണ സ്വര്‍ണം കടത്തിയത് സംബന്ധിച്ച്‌ തെളിവുകള്‍ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂളടങ്ങുന്ന പട്ടിക കള്ളക്കടത്ത് സംഘത്തിന്റെ പക്കല്‍നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കേസില്‍ സംശയിക്കുന്ന ഉദ്യോഗസ്ഥരും കള്ളക്കടത്ത് സംഘവും ഔദ്യോഗിക നമ്ബര്‍ ഉപയോഗിച്ച്‌ ആശയവിനിമയം നടത്തിയെന്നും പൊലീസ് കണ്ടെത്തി.

തുടര്‍ന്നാണ് അന്വേഷണം വിജിലന്‍സ് ഏറ്റെടുത്തത്. എസ്.പി സുജിത് ദാസിന്റെ മേല്‍നോട്ടത്തില്‍ കരിപ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണ രീതിയും വിജിലന്‍സ് വിലയിരുത്തുന്നുണ്ട്. അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികള്‍ ശേഖരിച്ചു. കണ്ടെത്തലുകളുടെ നിജഃസ്ഥിതി പരിശോധിക്കുന്നതിനൊപ്പം ബാഹ്യ ഇടപെടലുകളും അന്വേഷണ പരിധിയില്‍ വരും