ആലപ്പുഴ: പൊതുവിദ്യാലയങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയുടെ പ്രധാന കേന്ദ്രങ്ങളെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അടച്ചു പൂട്ടേണ്ടവയല്ല പൊതുവിദ്യാലയങ്ങളെന്നും ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച ക്ലാസ് മുറിയും ബി.ആര്.സി. ഒരുക്കിയ വര്‍ണ്ണക്കൂടാരവും ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
മികച്ച വിദ്യാഭ്യാസം നല്കി സംസ്ഥാനത്തെ കുട്ടികളെ ലോകത്തിന്റെ എല്ലായിടത്തും എത്തിക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിന് കഴിയണം. സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്കുന്ന മേഖലയാണ് ഉന്നത വിദ്യാഭ്യാസം. കുട്ടികള്‍ മതബോധത്തോടെയോ ജാതിബോധത്തോടെയോ അല്ല വളര്‍ന്നു വരേണ്ടത്. പൗര ബോധത്തോടെയാണ്. അവരില്‍ പൗരബോധം വളര്‍ത്തിയെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ ബാലകേരളം എന്നൊരു പരിപാടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും അതിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. ദേവികുളങ്ങരയിലും ഒരു കേന്ദ്രം ഉണ്ടാകും.
കോളേജുകള്‍ എല്ലാം ഗവേഷണ കേന്ദ്രങ്ങളായി മാറണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ വലിയ നിക്ഷേപമാണ് ഒരുക്കിയിരിക്കുന്നത്. കായംകുളം മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ചതായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ അപൂര്‍വ്വം യൂണിവേഴ്സിറ്റികള്‍ക്ക് ലഭിക്കുന്ന എ പ്ലസ് പ്ലസ് അംഗീകാരം നേടിയ കേരള യൂണിവേഴ്സിറ്റി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമാണ്. കേരളത്തിലെ കുട്ടികള്‍ ഇവിടെ പഠിക്കുകയും കേരളത്തിന് പുറത്തുള്ള കുട്ടികളെ ഇവിടുത്തെ വിദ്യാഭ്യാസ രീതി കൊണ്ട് ആകര്‍ഷിക്കുകയും ചെയ്യുന്ന എജുക്കേഷൻ ഹബ്ബാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നൈപുണ്യമുള്ള തലമുറയെ ലോകത്തിന് നല്കാൻ സാധിക്കണം. എന്നാല്‍ കേവലം എഴുത്തും വായനയും മാത്രമല്ല വിദ്യാഭ്യാസം. ജീവിത പ്രതിസന്ധികളെ അതിജീവിക്കാനും ജീവിതത്തില്‍ ഫുള്‍ എ പ്ലസ് നേടാനും കഴിയുന്ന തലമുറയെ വളര്‍ത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളി ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പ് ഫണ്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ യു. പ്രതിഭ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ കേരളം ഡി.പി.സി. ഡി.എം. രജനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.