ഇന്ന് നട തുറക്കും; ശബരിമല ഇനി ശരണമുഖരിതം

ഇന്ന് നട തുറക്കും; ശബരിമല ഇനി ശരണമുഖരിതം
alternatetext

ശബരിമല: മണ്ഡല – മകരവിളക്ക് തീർഥാടന കാലത്തിന് തുടക്കം കുറിച്ച്‌ ശബരിമലയില്‍ വെള്ളിയാഴ്ച നടതുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്ബൂതിരി നട തുറന്ന് ദീപം തെളിക്കും.

തുടർന്ന് പതിനെട്ടാം പടിക്കു താഴെയുള്ള ആഴിയിലേക്ക് അഗ്നി പകർന്ന ശേഷം നിയുക്ത ശബരിമല മേല്‍ശാന്തിയായ അരുണ്‍ കുമാർ നമ്ബൂതിരി, മാളികപ്പുറം മേല്‍ശാന്തി വാസുദേവൻ നമ്ബൂതിരി എന്നിവർ പതിനെട്ടാം പടി ചവിട്ടും. പിന്നാലെ ഭക്തരുടെ പടി കയറ്റം ആരംഭിക്കും. ശ്രീകോവിലിന് ഉള്ളില്‍ പ്രവേശിക്കുന്ന നിയുക്ത മേല്‍ശാന്തിമാർക്ക് തന്ത്രി മൂലമന്ത്രം പകർന്നു നല്‍കും.

രാത്രി 10 മണിക്ക് തിരുനട അടച്ച ശേഷം മേല്‍ശാന്തി പി.എൻ. മഹേഷ് നമ്ബൂതിരി ശ്രീകോവിലിന്‍റെ താക്കോല്‍ നിയുക്ത മേല്‍ശാന്തിയായ അരുണ്‍കുമാർ നമ്ബൂതിരിക്ക് കൈമാറും. വൃശ്ചികപ്പുലരിയായ ശനിയാഴ്ച പുലർച്ച മൂന്ന് മണിക്ക് ശബരിമലയിലും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായിരിക്കും നട തുറക്കുന്നത്. ഏഴ് മണി മുതല്‍ നെയ്യഭിഷേകം ആരംഭിക്കും. ഉച്ചക്ക് ഒരു മണിക്ക് അടക്കുന്ന നട വൈകിട്ട് മൂന്നുമണിക്ക് വീണ്ടും തുറക്കും. ദീപാരാധനക്കും പതിവ് പൂജകള്‍ക്കും ശേഷം രാത്രി 11ന് നട അടക്കും. തീർഥാടക തിരക്ക് പരിഗണിച്ച്‌ ഈ മണ്ഡല- മകര വിളക്ക് കാലയളവില്‍ 18 മണിക്കൂർ നേരം ഭക്തർക്ക് ദർശന സൗകര്യം ലഭ്യമാകും.