തിരുവനന്തപുരം: വര്‍ക്കലയില്‍ സ്കൂട്ടറപകടത്തില്‍ പത്തുവയസുകാരൻ മരിച്ചു. കല്ലമ്ബലം പുതുശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മര്‍ഹാന്‍(10) ആണ് മരിച്ചത്. മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ സ്വകാര്യ ബസിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ വര്‍ക്കല ആയുര്‍വേദ ആശുപത്രിക്ക് സമീപം അണ്ടര്‍ പാസേജ് തുടങ്ങുന്ന സ്ഥലത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്.
വര്‍ക്കല ഭാഗത്തേയ്ക്ക് അമിതവേഗതയില്‍ എത്തിയ ഗോകുലം എന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവും സ്കൂട്ടറും റോഡിന്‍റെ ഇടത് ഭാഗത്തേക്ക് വീഴുകയും മര്‍ഹാൻ ബസിനടിയില്‍പ്പെടുകയുമായിരുന്നു. മര്‍ഹാന്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തെറിച്ചുപോവുകയും തലയിലൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മര്‍ഹാനെ ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ് താഹിറയ്ക്ക് കാര്യമായ പരിക്കുകളില്ല. അപകടത്തിന് പിന്നാലെ ബസ് ഉപേക്ഷിച്ച് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതായും പോലീസ് പറഞ്ഞു. കല്ലമ്ബലം തലവിള പേരൂര്‍ എംഎംയുപിഎസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മര്‍ഹാന്‍.